Quantcast

അടിയന്തരാവസ്ഥ ഡോക്യുമെന്ററികളുടെ ദിശ മാറ്റി- ദീപ ധൻരാജ്

ചടങ്ങിൽ മികച്ച ഡോക്യുമെന്ററിക്കും ഷോർട്ട് ഫിലിമിനുമുള്ള കെ.പി ശശി മെമ്മോറിയൽ ഫെലോഷിപ്പുകൾ വിതരണം ചെയ്തു

MediaOne Logo
അടിയന്തരാവസ്ഥ ഡോക്യുമെന്ററികളുടെ  ദിശ മാറ്റി- ദീപ ധൻരാജ്
X

കോഴിക്കോട്: രാജ്യത്തെ ഡോക്യുമെന്ററി നിർമാണത്തിന്റെ ഗതി മാറ്റിയത് അടിയന്തരാവസ്ഥയാണെന്ന് പ്രശസ്ത സംവിധായികയും എഴുത്തുകാരിയുമായ ദീപ ധൻരാജ്. മീഡിയാവൺ അക്കാദമിയിൽ സംഘടിപ്പിച്ച മൂന്നാമത് കെ.പി. ശശി അനുസ്മരണ പരിപാടിയിൽ ('റിമംബറിംഗ് കെ.പി. ശശി') പ്രഭാഷണം നടത്തുകയായിരുന്നു അവർ.

ഫിലിം ഡിവിഷൻ അന്നത്തെ സർക്കാരിന്റെ കേവലമൊരു പ്രചാരണായുധമായി മാറിയ സാഹചര്യത്തിലാണ് താനും കെ.പി ശശിയുമടക്കമുള്ളവർ സ്വതന്ത്ര ഡോക്യുമെന്ററി നിർമ്മാണത്തിലേക്ക് തിരിഞ്ഞതെന്ന് ദീപ ധൻരാജ് അനുസ്മരിച്ചു. വസ്തുതകൾ ജനങ്ങളിലെത്തിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്ത് സ്വതന്ത്രമായ നിലപാടുകൾ ആവശ്യമായിരുന്ന കാലമായിരുന്നു അതെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ മികച്ച ഡോക്യുമെന്ററിക്കും ഷോർട്ട് ഫിലിമിനുമുള്ള കെ.പി. ശശി മെമ്മോറിയൽ ഫെലോഷിപ്പുകൾ വിതരണം ചെയ്തു. കൊടുങ്ങല്ലൂർ ഭരണിയെ ആസ്പദമാക്കി ഇർഫാന ഷെറിൻ സംവിധാനം ചെയ്ത 'സേക്രഡ് ഫ്യൂരി' മികച്ച ഡോക്യുമെന്ററിക്കുള്ള ഫെലോഷിപ്പിന് അർഹമായി. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫെലോഷിപ്പ് സെയ്‌ന സാജിദിന് വേണ്ടി ഇർഫാൻ ഏറ്റുവാങ്ങി. മീഡിയാവൺ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികളാണ് പുരസ്‌കാരത്തിന് അർഹരായ ഇരുവരും.

മീഡിയാവൺ അക്കാദമി പ്രിൻസിപ്പാൾ ഡോ. പി.കെ. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ബി.എം. ഫർമീസ്, പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ.പി. ദീപു, മീഡിയാവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ അജിംസ്, എക്‌സിക്യൂട്ടീവ് മാനേജർ റസൽ കെ.പി, മാധ്യമപ്രവർത്തകൻ സി.എം. ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു. കെ.പി. ശശിയുടെ സിനിമകളെയും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകളും ചടങ്ങിന്റെ ഭാഗമായി നടന്നു.

TAGS :

Next Story