Quantcast

വിരമിച്ച എസിപി എൽഡിഎഫ് സ്ഥാനാർഥികുന്നതിനെ യുഡിഎഫ് വിവാദമാക്കുന്നത് പരിഹാസ്യം: ഇ.പി ജയരാജൻ

സർവീസിലിരുന്ന കാലയളവിൽ അദ്ദേഹം പക്ഷപാതപരമായി പെരുമാറിയെന്ന് ഒരു കേസിൽ പോലും ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 Nov 2025 11:07 PM IST

EP Jayarajan against UDF attempt to make controversy over retired ACP being the LDF candidate
X

Photo| Special Arrangement

കണ്ണൂർ: സർവീസിൽ നിന്നും വിരമിച്ച അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ യുഡിഎഫ് വിവാദമാക്കാൻ നോക്കുന്നത് പരിഹാസ്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. ഇതാദ്യമായല്ല സർവീസിൽ നിന്നും വിരമിച്ചവർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്. സുപ്രിംകോടതി ജഡ്ജിമാർ തൊട്ട് സാധാരണ സർക്കാർ ജീവനക്കാർ വരെ പല പദവികളും പിന്നീട് വഹിച്ചിട്ടുണ്ട്. രത്നകുമാറിൻ്റെ സ്ഥാനാർഥിത്വവും അതുപോലൊന്ന് മാത്രമാണെന്നും ഇ.പി ജയരാജൻ അവകാശപ്പെട്ടു.

സർവീസിലിരുന്ന കാലയളവിൽ അദ്ദേഹം പക്ഷപാതപരമായി പെരുമാറിയെന്ന് ഒരു കേസിൽ പോലും ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നീതി നിർവഹണത്തിൽ സത്യസന്ധത കാട്ടിയ ഒരു ഉദ്യോഗസ്ഥനെ വിരമിച്ച ശേഷം പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നത് മാതൃകാപരമായ നടപടിയാണ്. അതിനെ ഏതെങ്കിലും കേസന്വേഷണവുമായി ഇപ്പോൾ കൂട്ടിക്കുഴയ്ക്കുന്നത് പരാജയഭീതിയിൽ ഉന്നയിക്കുന്ന നുണപ്രചാരണമായി മാത്രമേ കാണാനാവൂ.

യുഡിഎഫ് ആരോപിക്കുന്ന എഡിഎമ്മിന്റെ ആത്മഹത്യാ കേസിൽ ഹൈക്കോടതി പോലും കേസന്വേഷണം ശരിയായ ദിശയിൽ തന്നെയാണെന്നാണ് വിലയിരുത്തിയത്. മാത്രമല്ല, യുഡിഎഫും ഈ ഉദ്യോഗസ്ഥനെതിരെ അന്ന് ഒരു പരാതിയും ഉന്നയിച്ചിട്ടുമില്ല. വിരമിച്ച ഉദ്യോഗസ്ഥരെ രംഗത്തിറക്കുന്നതിൽ കോൺഗ്രസ് എന്നും മുന്നിലായിരുന്നല്ലോ? കോൺഗ്രസ് പ്രവർത്തക സമിതിയംഗം വരെയായ അജോയ്കുമാർ തൊട്ട് സജയ് പാണ്ഡെ, കണ്ണൻ ഗോപിനാഥൻ, അരുൺ ഒറോയ് തുടങ്ങി എത്രയെത്ര പേർ. കേരളത്തിൽ തന്നെ കെ. കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി പേർ.

എൽഡിഎഫിനെതിരെ കുതിരകയറുന്ന യുഡിഎഫിന് ബിജെപിയുടെ കാര്യത്തിൽ മൗനമാണ്. മുൻ ഡിജിപി ശ്രീലേഖ ബിജെപി സ്ഥാനാർഥിയായതിൽ യുഡിഎഫിന് പ്രശ്‌നമില്ല. ടി.പി സെൻകുമാറിനെ കൊണ്ടുനടന്നവരാണ് കോൺഗ്രസ്. ആ സെൻകുമാർ ബിജെപിയായി. കോൺഗ്രസ് വൈസ് ചാൻസലറും പിഎസ്‌സി ചെയർമാനും വരെയാക്കിയ കെ.എസ് രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അപ്പോഴൊക്കെ മൗന പിന്തുണ നൽകിയവർ ഇപ്പോൾ ബഹളം വയ്ക്കുന്നത് എൽഡിഎഫിനെതിരായ എല്ലാ നുണപ്രചാരണങ്ങളും തകർന്നടിയുന്നതിൻ്റെ വേവലാതിയാലാണ്. ഈ നുണയും കേരള ജനത തിരിച്ചറിയും- ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.

കണ്ണൂർ മുൻ എസിപി ടി.കെ രത്നകുമാർ ആണ് ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നത്. എഡിഎമ്മിന്റെ ആത്മഹത്യാ കേസിന്റെ ചുമതല ഉണ്ടായിരുന്നത് രത്നകുമാറിനായിരുന്നു. എൽഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് വിവരം. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് രത്നകുമാർ വിരമിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാർഡ്.




TAGS :

Next Story