Quantcast

വൈദേകത്തിലെ ഓഹരി ഇപിയുടെ കുടുംബം ഒഴിവാക്കുന്നു

ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-09 07:30:16.0

Published:

9 March 2023 5:27 AM GMT

ep jayarajan
X

ഇ.പി ജയരാജന്‍

തിരുവനന്തപുരം: വിവാദമായ വൈദേകം റിസോര്‍ട്ട് കമ്പനിയിലെ ഓഹരി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ കുടുംബം ഒഴിവാക്കുന്നു. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. ഇരുവര്‍ക്കുമായുള്ളത് 9199 ഓഹരിയാണ്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്‍റെയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരി പങ്കാളിത്തമാണുള്ളത്. വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. അതേസമയം വൈദേകം സിഇഒ തോമസ് ജോസഫ് രാജിവെച്ചു.

ഇന്ദിരയാണ് കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്‍റെ ചെയര്‍പെഴ്സണ്‍. കഴിഞ്ഞ ദിവസം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചിരുന്നു.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു. പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാകുമ്പോൾ ആരെന്ന് വെളിപ്പെടുത്തുമെന്നും ജയരാജൻ പ്രതികരിച്ചു. വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല റിസോർട്ടിൽ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി വ്യക്തമാക്കിയിരുന്നു.

വൈദേകം റിസോര്‍ട്ടിനെച്ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിലിടക്കം നേരത്തെ തര്‍ക്കങ്ങള്‍ അരങ്ങേറിയിരുന്നു. റിസോർട്ട് വിവാദത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും സംസ്ഥാന കമ്മിറ്റിയില്‍ പരസ്പരം ഏറ്റുമുട്ടിയത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നുമാണ് അന്ന് ഇ.പി ജയരാജൻ ആരോപിച്ചത്. എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി ജയരാജന്‍റെ മറുപടി.

ഇ.പി ജയരാജന്‍റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ട് നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് പി.ജയരാജൻറെ പ്രധാന ആരോപണം. എന്നാൽ വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും ഭാര്യക്കും മകനുമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിശദീകരണം. ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.

TAGS :

Next Story