Quantcast

'പുസ്തകം തുറന്ന് പരീക്ഷകൾ എഴുതുന്ന രീതി പരീക്ഷിക്കണം'; സമഗ്രമാറ്റം നിർദേശിച്ച് വിദഗ്ധസമിതി

ബിരുദ കോഴ്സുകളുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരണമെന്നാണ് വിദഗ്ധസമിതി നൽകുന്ന നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-12-05 02:28:18.0

Published:

5 Dec 2023 1:13 AM GMT

പുസ്തകം തുറന്ന് പരീക്ഷകൾ എഴുതുന്ന രീതി പരീക്ഷിക്കണം; സമഗ്രമാറ്റം നിർദേശിച്ച് വിദഗ്ധസമിതി
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദ്യാർഥികളുടെ ശേഷിയും മികവും പരിശോധിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ നിർദേശം. വിദേശരാജ്യങ്ങളിലേതു പോലെയുള്ള പരീക്ഷാ സമ്പ്രദായം ആലോചിക്കണം. ഇന്റേണൽ പരീക്ഷകൾ നടത്തുന്നതിലും വലിയ മാറ്റം കൊണ്ടുവരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബിരുദ കോഴ്സുകളുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരണമെന്നാണ് വിദഗ്ധസമിതി നൽകുന്ന നിർദേശം. ഉന്നത വിദ്യാഭ്യാസത്തിൽ പരീക്ഷാ സമ്പ്രദായം ഏറെ നിർണായകമാണ്. ഓർമ്മ പരിശോധിക്കുന്നതിന് പകരം കുട്ടികളുടെ അറിവും കഴിവും അളക്കുന്ന തരത്തിൽ ആകണം പരീക്ഷകൾ.

നിലവിലെ സമ്പ്രദായം വിദ്യാർഥികൾക്ക് അമിതഭാരം ഉണ്ടാക്കുന്നു. മൂന്ന് മണിക്കൂർ പരീക്ഷകൾ പൂർണമായും ഒഴിവാക്കണം. രണ്ടു മണിക്കൂറിന് മുകളിൽ ദൈർഘ്യം പാടില്ല. ക്രെഡിറ്റിൽ മാറ്റം വരുത്തി വേണം ഇത് നിശ്ചയിക്കാനെന്ന് സമിതി ശിപാർശ ചെയ്യുന്നു. പാഠപുസ്തകങ്ങൾ പരിശോധിച്ച് പരീക്ഷകൾ എഴുതുന്ന രീതി വിദേശരാജ്യങ്ങളിൽ ഉണ്ട്. പരീക്ഷണാർഥത്തിൽ എങ്കിലും അത് നടപ്പിലാക്കാൻ കഴിയുമോ എന്ന് നോക്കണമെന്നും സമിതി നിർദേശിക്കുന്നു. ഇന്റേണൽ മാർക്കുകളുടെ പേരിൽ കുട്ടികൾക്ക് വലിയ സമ്മർദം ഉണ്ടാകുന്നു. ഇന്റേണൽ - സർവകലാശാലാ പരീക്ഷകൾ തമ്മിലുള്ള അനുപാതം പുനഃപരിശോധിക്കേണ്ടതുണ്ട്.

പരീക്ഷാ നടത്തിപ്പിൽ പൂർണ്ണമായും സർവകലാശാലയെ ആശ്രയിക്കുന്ന രീതി ഒഴിവാക്കണം. കോളേജ് അധികൃതർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന തരത്തിലേക്ക് മാറ്റം വേണമെന്നും അഭിപ്രായമുണ്ട്. ആദ്യ ഘട്ടത്തിൽ ബിരുദ കോഴ്സുകളിൽ നിർദേശങ്ങൾ നടപ്പിലാക്കാം. പിജി കോഴ്സുകളിലെ മാറ്റം കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ സാധ്യമാവൂ എന്നും സമിതി പറയുന്നു.

TAGS :

Next Story