മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: പത്തനംതിട്ടയില്‍ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം
ലോക്കൽ കമ്മിറ്റി അംഗം ജോൺസനെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ടയിലെ പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി. മുൻ സി ഡബ്ല്യുസി ചെയർമാനും ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവുമായ എൻ.രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്നാണ് പത്തനംതിട്ടയിലെ പ്രാദേശിക സിപിഎം നേതാക്കൾ ആരോഗ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. സംഭവം ആരോഗ്യവകുപ്പിന്റെ വീഴ്ച ആണെന്നും വകുപ്പ് മന്ത്രിക്ക് അനാസ്ഥ ഉണ്ടായതായും ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാധ്യമത്തിലെ പ്രതികരണങ്ങൾ.
മുൻ സി ഡബ്ല്യു സി ചെയർമാൻ അഡ്വക്കേറ്റ് എൻ രാജീവും, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ ജില്ലാ ഭാരവാഹികമായ ജോൺസണുമാണ് മന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. പ്രാദേശിക നേതാക്കളുടെ വിമർശനത്തിൽ ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങളോട് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് വിലയിരുത്തിയ ശേഷം നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റി അതാത് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാർട്ടി നടപടി എടുത്തത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി നടപടി പ്രാദേശിക തലത്തിൽ ഭിന്നതയുണ്ടാക്കുമോ എന്ന ആശങ്കയും ജില്ലാ നേതൃത്വത്തിനുണ്ട്.
Adjust Story Font
16

