Quantcast

'ഞാനും ഭാര്യയുമാണു വീട്ടിലുള്ളത്‌, ഭക്ഷണം ഇന്നു വൈകിട്ടോടെ തീർന്നു.... നാളെ മുതൽ പട്ടിണിയാണ്'

' ഉണ്ടായിരുന്ന ഫുഡ്‌ ഇന്നുകൊണ്ട്‌ തീരുകയും ചെയ്തു... അപ്പോളാണു ദൈവ വിളി പോലെ ബുഹാരിയുടെ വിവരം എനിക്ക്‌ കിട്ടിയത്‌'

MediaOne Logo

Web Desk

  • Updated:

    2021-05-09 05:15:03.0

Published:

9 May 2021 5:11 AM GMT

ഞാനും ഭാര്യയുമാണു വീട്ടിലുള്ളത്‌, ഭക്ഷണം ഇന്നു വൈകിട്ടോടെ തീർന്നു.... നാളെ മുതൽ പട്ടിണിയാണ്
X

കോവിഡ്‌ എനിക്ക്‌ നൽകിയ പാഠം.....

കോട്ടൻഹിൽ LP സ്കൂളിൽ 2020 മാർച്ച് 30 മുതൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു.രാവിലേയും ഉച്ചയ്ക്കും രാത്രിയിലുമായി മൂന്നു നേരം ഭക്ഷണം സ്കൂളിൽ ഉണ്ടാക്കി പാർസ്സലാക്കി വാളണ്ടിയർമ്മാർ അർഹരായവരുടെ വീടുകളിൽ എത്തിച്ചു നൽകും.

വഴുതക്കാട്‌, ജഗതി,പാങ്ങോട്‌ ഇങ്ങനെ മൂന്നു വാർഡുകളിൽ ഉള്ളവരെ സംരക്ഷിക്കുക എന്നതാണു ലക്ഷ്യം!!!!

തുടങ്ങി നാലു ദിവസമായപ്പോൾ 800 ഓളം പേർക്ക്‌ ഭക്ഷണം എത്തിക്കേണ്ട സാഹചര്യം വന്നു. രാവിലെ അഞ്ചു മണിക്ക്‌ തുടങ്ങുന്ന പ്രവർത്തനം 9 മണിയോടെ അവസാനിക്കും... ഡെപ്യൂട്ടിമേയറുടെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരും സന്നദ്ധപ്രവർത്തകരും (അവരെക്കുറിച്ചൊക്കെ വളരെ പറയാനുണ്ട്‌) ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്‌ കണ്ടാൽ നമുക്കാർക്കും മാറിനിൽക്കാൻ കഴിയില്ല. ഇതിനിടയിലാണു എനിക്ക്‌ മറക്കാൻ കഴിയാത്ത ഒരു ജീവിത പാഠം കിട്ടുന്നത്‌... അതു നിങ്ങളുമായി ഒന്നു പങ്കുവയ്ക്കട്ടെ!!!!!

തുടങ്ങി നാലാം ദിവസം....എല്ലാവരും 9 മണിയോടെ അവരവരുടെ വീടുകളിലേയ്ക്ക്‌ പോയി. ഞാൻ ഓഫീസ്‌ റൂമിലാണു കിടക്കുന്നത്‌. അതിനുള്ള സൗകര്യമൊക്കെ ഒരുക്കിയിട്ടുണ്ട്‌... എന്താ സൗകര്യമെന്നു ചോദിച്ചാൽ.... രണ്ട്‌ മേശ ചേർത്തിട്ട്‌ അതിൽ എന്റെ സഹപ്രവർത്തകൻ ജേക്കബ്‌ കൊണ്ടുത്തന്ന രണ്ട്‌ ബെഡ്ഷീറ്റുകൾ വിരിക്കും... അപ്പോൾ മെത്തയായി. പിന്നെ കസേരയിൽ ഇടുന്ന അഞ്ചു ടൗവൽ മടക്കി ഒരറ്റത്തു ഷീറ്റിനടിയിലായി വയ്ക്കും... അപ്പോൾ തലയിണയുമായി.സംരക്ഷണത്തിനായി 5 CCTV ക്യാമറകളുമുണ്ട്‌.അതിനാൽ ഒറ്റയ്ക്കാണെങ്കിലും പേടിക്കാനൊന്നുമില്ല.കൂട്ടിനായും പാടി ഉറക്കാനായും നല്ലവരായ കൊതുകുകളും.... എന്തായാലും കോട്ടൻഹിൽ സ്കൂളിന്റെ ഓഫീസ്‌ മുറി ബെഡ് റൂമായി 20 ദിവസത്തോളം ഉപയോഗിക്കുവാൻ മറ്റാർക്കും ഭാഗ്യം കിട്ടിക്കാണില്ല!!!!

എല്ലാരും പോയെന്നു പറഞ്ഞല്ലോ!!!! ഞാൻ കുളി കഴിഞ്ഞു തിരികെ എന്റെ കസേരയിൽ വന്നിരുന്നു അന്നത്തെ കണക്കുകൾ ഒന്നു നോക്കാൻ തുടങ്ങി.. മാത്രവുമല്ല നാളെ രാവിലെ എന്തൊക്കെ സാധനങ്ങൾ വാങ്ങണമെന്നും നോക്കണമല്ലോ!!!

പെട്ടെന്ന് എന്റെ മൊബെലിലേയ്ക്ക്‌ ഒരു കാൾ വന്നു. ഞാനതിൽ നോക്കി... സേവ്‌ ചെയ്തിട്ടുള്ള നമ്പർ അല്ല... മുൻപരിചയവും ഇല്ല... പക്ഷെ ഈ സമയത്ത്‌ ഒരു ഫോണു പോലും അറ്റന്റ്‌ ചെയ്യാതിരിക്കരുത്‌ എന്നുള്ള ഒരു തീരുമാനത്തിലാണു ഞാൻ... അതിനാൽ മൂന്നു നാലു ബെല്ലുകൾ കഴിഞ്ഞപ്പോൾ ഫോൺ അറ്റന്റ്‌ ചെയ്തു. ഒപ്പം കയ്യിലിരുന്ന പേപ്പറുകളിലെ കണക്കിലും നോക്കുന്നുണ്ടായിരുന്നു!!!

ഹലോ... മിസ്റ്റർ ബുഹാരി അല്ലേ!!! ഫോൺ എടുത്ത ഉടനെ ഈ ശബ്ദമാണു കേട്ടത്‌.

അതെ..... ഞാൻ മറുപടി പറഞ്ഞു.

മിസ്റ്റർ വേലപ്പൻ പറഞ്ഞിട്ടാണു ഞാൻ ബുഹാരിയെ വിളിക്കുന്നത്‌...ഞങ്ങളെ ഒന്നു സഹായിക്കണം!!!!

ആ ശബ്ദത്തിനു വല്ലാത്തൊരു സൗന്ദര്യവും ആകർഷകവും പെട്ടന്നു തോന്നി.

അൽപ്പം പ്രായമുള്ള ഒരു പുരുഷ ശബ്ദം!!!! ആളിനെ കണ്ടില്ലങ്കിലും അറിയാതെ ഒരു ബഹുമാനം ഉള്ളിൽ അനുഭവപ്പെട്ടു!!! അതു കൊണ്ടാകണം ' എന്താ സാർ വേണ്ടത്‌' ? എന്നു ഞാൻ തിരികെ ചോദിച്ചത്‌. അദ്ദേഹം പറഞ്ഞ വേലപ്പൻ ആരാണെന്നു എനിക്കപ്പോൾ മനസ്സിലായില്ല... മാത്രമല്ല അതാരാണെന്നു ഇന്നും മനസ്സിലാക്കിയിട്ടില്ല. പക്ഷെ ആ വേലപ്പനോട്‌ എനിക്ക്‌ ഉള്ളിൽ നന്ദിയുണ്ട്‌.... എന്തിനെന്നോ???? എനിക്ക്‌ പിതാവിനേയും മാതാവിനേയും പോലുള്ള രണ്ട്‌ ബന്ധുക്കളെ സമ്മാനിച്ചതിനു!!!!

ഞാനും ഭാര്യയുമാണു വീട്ടിലുള്ളത്‌.... ഞങ്ങളുടെ ഭക്ഷണം ഇന്നു വൈകിട്ടോടെ തീർന്നു.... നാളെ രാവിലെമുതൽ ഞങ്ങൾ പട്ടിണിയിലാകും.... ഞങ്ങൾക്ക്‌ ആഹാരം തന്നു സഹായിക്കണം!!!! ഇതായിരുന്നു ഞാൻ ചോദിച്ചതിനു കിട്ടിയ മറുപടി.

അതിനെന്താ.... എത്തിക്കാമല്ലോ.... എവിടയാണു സാർ താമസിക്കുന്നത്‌!!!! ഞാൻ ചോദിച്ചു......

ശാസ്തമംഗലം...... ഇന്ന ലൈനിലാണു( ലെയിനിന്റെ പേരു ഞാൻ മനപൂർവ്വം പറയുന്നില്ല.. അങ്ങനെ ആളിനെ എളുപ്പം തിരിച്ചറിയണ്ട.. അതിനാ) അങ്ങോട്ട്‌ കയറിയാൽ ഇടത്‌ വശത്ത്‌ രണ്ടാമത്തെ വീട്‌.... അദ്ദേഹം പറഞ്ഞു.

ആ ശബ്ദത്തിന്റെ ഉടമയോട്‌ കൂടുതൽ ബഹുമാനം തോന്നി തുടങ്ങി എനിക്ക്‌!!!

അതെന്തന്ന് ഇന്നും അറിയില്ല... പക്ഷെ അതിനു വല്ലാത്ത ഒരു മാർദ്ദവവും സ്നേഹവും.. മാത്രമല്ല ഒരു.. ഒരു...ആഡ്യത്തവും ഒക്കെ ഉള്ളത്‌ പോലെ തോന്നൽ!!!!!

സാർ.... അതു ശാസ്തമംഗലം വാർഡിൽ വരുന്ന സ്ഥലമാണല്ലോ.... അവിടെ സർവ്വ്‌ ചെയ്യാൻ വേറെ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ട്‌... ഇതു ഈ മൂന്നു വാർഡുകൾക്കു വേണ്ടിയുള്ളതാണു!!!! ഞാൻ അത്രയും പറഞ്ഞു.

മിസ്റ്റർ ബുഹാരിയോട്‌ പരഞ്ഞാൽ എല്ലാ സഹായവും എത്തിച്ചു തരും എന്നാണു വേലപ്പൻ പറഞ്ഞത്‌... അതാ താങ്കളെ വിളിച്ചത്‌!!!!!

ഉദ്ദേശിച്ച സഹായം കിട്ടും എന്ന പ്രതീക്ഷ ആ വാക്കുകളിൽ ഞാൻ തിരിച്ചറിഞ്ഞു. മാത്രവുമല്ല എന്റെ മനസ്സ്‌ ആ ശബ്ദത്തിനു കീഴ്പ്പെടുന്നതായി എനിക്ക്‌ തോന്നി..!!

പിന്നെ എതിർ അഭിപ്രായത്തിനൊന്നും നിന്നില്ല.

സാർ... വീട്ട്‌ നമ്പരും മറ്റും ഒന്നു കൂടി പറഞ്ഞു തരുമോ... നാളെ മുതൽ എല്ലാ നേരവും ഭക്ഷണം അവിടെ എത്തിക്കാം... ഇത്രയും പറഞ്ഞപ്പോൾ കേട്ട മറുപടി ഇപ്പോഴും എന്റെ കാതുകളിൽ നിൽക്കുന്നു.

... വലിയ ഉപകാരം ബുഹാരി.... ദൈവം ഇതിനു പ്രതിഫലം തരും ...

എന്നിട്ട്‌ എന്റെ സ്കൂളിൽ നിന്നും ആ വീട്ടിൽ എത്തിച്ചേരുവാൻ വേണ്ടുന്ന വഴിയും അടയാളവുമൊക്കെ വളരെ വ്യക്തമായി പറഞ്ഞു തന്നു. ഞാനതെല്ലാം മുന്നിലിരുന്ന ബുക്കിൽ കുറിച്ചിട്ടു!!!!

ശരി സാർ... നാളെ ഏഴര മണിയാകുമ്പോൾ കാപ്പി അവിടെ എത്തും... രണ്ടാൾക്കും എല്ലാ ദിവസവും... ആശങ്ക വേണ്ട സാർ!!!!

'വലിയ ഉപകാരം ബുഹാരീ.... ' ആ വാക്കുകൾ അദ്ദേഹം പിന്നയും ആവർത്തിച്ചു

ഏയ്‌... ഇതു ഞങ്ങളുടെ കടമയല്ലേ സാർ... അതിനാണല്ലോ ഇതു നടത്തുന്നതും... സാറിനെ പോലുള്ള ധാരാളം കുടുംബങ്ങൾക്ക്‌ ഇവിടെ നിന്നും ഭക്ഷണം എത്തിക്കുന്നുണ്ട്‌....

ഞാൻ ഒരു തത്വം പറയുന്നതുപോലെ അങ്ങു പറഞ്ഞു.

ശരി....ശരി.....

ങാ.... ബുഹാരിയുടെ വീടെവിടയാ.... എനിക്ക്‌ ഭക്ഷണം തന്നു സഹായിക്കാം എന്നു പറഞ്ഞ ബുഹാരിയെ കുറിച്ച്‌ ഞാൻ തിരക്കണ്ടെ.....!!!!

ഞാൻ കല്ലറയാണു വീടെന്നും മറ്റുമൊക്കെ പറഞ്ഞു.

അപ്പോൾ കല്ലറ സരസമ്മയെ അറിയുമോ? അതിനടുത്താണോ...??സാർ തിരക്കി.

ഈ കല്ലറ സരസമ്മ എന്നു പരയുന്നത്‌ മുൻ സിനിമാ നടി കല്ലറ അംബികയുടെ അമ്മയാണു.അവരുടെ രണ്ടാമത്തെ മകൾ രാധികയും സിനിമാ നടി തന്നയാണു.കൂടുതലും കന്നട, തമിഴ്‌ സിനിമകളിലാണു രാധിക അഭിനയിച്ചിട്ടുള്ളത്‌.മാത്രവുമല്ല ഈ സരസമ്മ എന്നു പറയുന്നവർ കോൺഗ്രസ്സ്‌ രാഷ്ട്രീയത്തിലും കുറച്ചു നാൾ ഉണ്ടായിരുന്നു. ആയതിനാൽ പല സ്ഥലങ്ങലും വച്ചു കല്ലറ എന്നു പറയുമ്പോൾ പലരും ആദ്യം ചോദിക്കുന്നതും ഇവരെ കുറിച്ചു തന്നെ ആയിരിക്കും. എന്റെ വീടും ഇവരുടെ വീടും തമ്മിൽ കഷ്ടിച്ചു രണ്ടു കിലോമീറ്റർ ദൂരം കാണില്ല. സിനിമാ ലോകവുമായുള്ള ബന്ധത്തിൽ കല്ലറ അറിയപ്പെടുന്നതിൽ എനിക്ക്‌ അഭിമാനമേ തോന്നിയിട്ടുള്ളു........".കല്ലറ" എന്നു പറയുമ്പോൾ അറിയില്ലല്ലോ എന്നു പറയുന്നെങ്കിലല്ലേ വിഷമിക്കേണ്ടതുള്ളൂ...

കല്ലറ ഗോപൻ( സിനിമാ പിന്നണി ഗായകൻ) കല്ലറ-പാങ്ങോട്‌ സ്വാതന്ത്ര്യ സമരം ഇതൊക്കെ കല്ലറയുടെ അടയാളങ്ങളായി പലപ്പോഴും കേൾക്കാറുണ്ട്‌.

കഥയിൽ നിന്നു വിട്ടു പോയെന്ന് തോന്നുന്നു!!!! സംഭവത്തിലേയ്ക്ക്‌ വരാം!!!!

സാർ എന്റെ കുടുംബത്തെ കുറിച്ചും മക്കളുടെ എണ്ണവും പഠനവുമൊക്കെ ചോദിച്ചറിഞ്ഞു. സാറും ( ഇനി അദ്ദേഹം എന്നു പറയുന്നത്‌ ശരിയല്ല.. കാരണം ഞാൻ സാറുമായി അങ്ങ്‌ നല്ലപോലെ അടുത്തു) ഞാനും ഇത്രയും സംസാരിച്ചിട്ടും സാർ ആരാണെന്നു ഇതുവരെ ഞാൻ ചോദിച്ചില്ലായിരുന്നു. അപ്പോൽ അങ്ങനെ തോന്നിയില്ലായിരുന്നു. അല്ലങ്കിൽ ഒരുപക്ഷെ ആദ്യം അന്വേഷിക്കുന്നത്‌ ഞാനായിരിക്കുമായിരുന്നു.

ആ വാക്കുകളിൽ നിന്നും വരുന്ന സ്നേഹം അറിഞ്ഞപ്പോൾ അടുത്ത ബന്ധുവിനെ പോലെയാണു തോന്നുന്നത്‌.അത്രയ്ക്കും ഫീലാണതിനു!!!!

ബുഹാരീ.... എന്നെ മനസ്സിലായോ!!!!

ഇല്ല സാർ.... ഇത്രയും അടുത്തപ്പോൾ പിന്നെ ചോദിക്കാൻ ഒരു മടി....

അതാ ... ചോദിക്കാത്തത്‌!!!!

ഞാൻ പറഞ്ഞു.

ഞാൻ ............ ഇന്നയാളാ ( പേരു ഞാൻ എഴുതുന്നില്ല)... പഴയ കളക്ടറാ.... ഞാനും വൈഫും മാത്രമാണു ഇവിടെയുള്ളത്‌... പുള്ളിക്കാരിക്ക്‌ ചെറിയ ശ്വാസം മുട്ടലുമുണ്ട്‌... അടുക്കളയിൽ കയറി പാചകം ചെയ്യാൻ പ്രയാസമുണ്ട്‌.... കാട്ടാക്കടയുള്ള ഒരു ജോലിക്കാരിയാണു ദിവസവും വന്നു വീട്ടു ജോലികൾ ചെയ്തു തന്നിരുന്നത്‌.....ലോക്ക്ഡൗൺ ആയപ്പോൾ അവൾക്ക്‌ വരാൻ കഴിയുന്നില്ല... ഉണ്ടായിരുന്ന ഫുഡ്‌ ഇന്നുകൊണ്ട്‌ തീരുകയും ചെയ്തു... അപ്പോളാണു ദൈവ വിളി പോലെ ബുഹാരിയ്ടെ വിവരം എനിക്ക്‌ കിട്ടിയത്‌.... എന്തായാലും സന്തോഷമായി...

ഞങ്ങൾ പട്ടിണി ആകില്ലല്ലോ!!!!!

സാറിന്റെ ഈ വാക്കുകൾ!!! അതാണിന്നുമെന്റെ മനസ്സിൽ മുഴങ്ങുന്നത്‌!!!

കോവിഡ്‌ എനിക്ക്‌ നൽകിയ ഏറ്റവും വലിയ പാഠം.....

സാറിന്റെ ഭാര്യ.. സിറ്റിയിലെ ഏറ്റവും പ്രമുഖമായ ഒരു കോളേജിൽ നിന്നും വിരമിച്ച പ്രഫൊസർ...

രണ്ടു മക്കൾ... രണ്ടു പേരും IT ഫീൽഡിൽ ദൂരെ സ്ഥലങ്ങളിൽ കുടുംബമായി ജോലി നോക്കുന്നു.

ജില്ലാ കളക്ടറായും വിവിധ വകുപ്പുകളുടെ തലവനായും അഭിമാനാർഹമായി ജോലി നോക്കിയ സാറിനും ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ ഗുരുവായ ആ അമ്മയ്ക്കും കോവിഡ്‌ എന്ന ചെറിയ അണു നൽകിയ അനുഭവം എന്താണു????

ഒരു വിമാനം ചാർട്ട്‌ ചെയ്തു അച്ഛനേയും അമ്മയേയും കൊണ്ടു പോകാൻ കഴിവും മനസ്സുമുള്ള മക്കൾ നിസ്സഹായരായി അകലങ്ങളിൽ നിൽക്കേണ്ട അവസ്ഥ..!!!

ഒരു പക്ഷെ തിരു:സിറ്റിയിൽ ഒരു ഹോട്ടൽ തന്നെ വിലയ്ക്ക്‌ വാങ്ങി അവിടെ കുറേ ജോലിക്കരെ നിർത്തി ഭക്ഷണം തയ്യാറാക്കി കഴിക്കുവാൻ ശേഷിയുള്ള കുടുംബം!!!

പക്ഷെ ഈ ...അണു...

സമ്പത്തിനേയും ബന്ധങ്ങളേയും ഒക്കെ നിഷ്പ്രഭമാക്കി കളഞ്ഞു.

ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യ ഘടകങ്ങളിൽ ഒന്നായ ആഹാരം ലഭിക്കുവാൻ ഒരു കമ്മ്യൂണിറ്റി കിച്ചനെ ആശ്രയിക്കേണ്ടി വന്ന പല പ്രമുഖരിൽ ഒരാളുടെ അനുഭവം ഞാൻ തിരിച്ചറിഞ്ഞത്‌ ഇങ്ങനെയാണു!!!!!..

ഇതെന്റെ ജീവിതത്തിലെ മറക്കാനാകാത്ത പാഠമാണു...

ലോക്ക്ഡൗൺ തീരുന്നത് വരേയും അവർക്ക്‌ രണ്ടാൾക്കും കൃത്യമായി ഭക്ഷണം എത്തിക്കുന്നതിൽ വീഴ്ചവരാതെ നോക്കിയിരുന്നു. പലപ്പോഴും ഭക്ഷണ പൊതിയുമായി പോയത്‌ ആരെന്നോ!!!!?

പാപ്പനംകോട്‌ ഇഞ്ചിനിയറിംഗ്‌ കോളേജിലെ അസിസ്റ്റന്റ്‌ പ്രഫസറും കമ്മ്യൂണിറ്റി കിച്ചനിലെ ഒരു സന്നദ്ധസേവകനുമായ ഡോ. അരുൺമോഹൻ...

ചിലപ്പോൾ അരുണിന്റെ അനുജനും KMML ലെ അസിസ്റ്റന്റ്‌ മാനേജരുമായ അനീഷ്മോഹൻ...

മറ്റു ചിലപ്പോൾ ഞാൻ തന്നെ കൊണ്ടുപോയി കൊടുത്തു...നമ്മുടെ നാടിനെ സേവിച്ചവർക്ക്‌ തിരികെ എന്തെങ്കിലും നൽകാൻ കിട്ടിയ അവസരമായേ ഇതിനെ അവരും ഞാനും കാണുന്നുള്ളൂ!!!!

സാറും ടീച്ചറും തിരിച്ചു നൽകുന്ന സ്നേഹത്തിനും വാക്കുകൾക്കും മറുപടി ഇല്ലാതെ വിഷമിക്കുകയാണു ഞാനിപ്പോൾ!!!!!

അവരുടെ ഒരു മകനായി എന്നേയും കാണുന്നു എന്നു ആ അച്ഛനും അമ്മയും പറഞ്ഞപ്പോൾ കിട്ടിയ ഒരു സുഖം.....

അതനുഭവിച്ചാലേ... മനസ്സിലാകൂ....

മണിമാളികകളും സമ്പത്തും രാഷ്ട്രീയവും ഔദ്യോഗികവുമായി ഉണ്ടാകുന്ന സ്ഥാനങ്ങളും ഒക്കെ ചിലപ്പോൾ വലുതായി നമുക്ക്‌ തോന്നാം....

എന്നാൽ അന്നം തരുന്ന കൈകളും...വായു തരുന്ന ദൈവവും... എല്ലാത്തിനേക്കാളും വലുതാകുന്ന കാഴ്ചയാണു നാമിപ്പോൾ കാണുന്നത്‌...

ജാതിയും മതവും രാഷ്ട്രീയവും എല്ലാം മറന്നു നമുക്ക്‌ ഒരുമിക്കാം....

ഈ നാടിനുവേണ്ടി....

എന്റെ ഈ അനുഭവം നിങ്ങളുമായി പങ്കു വച്ചപ്പോൾ എന്തോ നേടിയപോലെ ഒരു തോന്നൽ!!!!

ശരിയാണോ!!!!!

ശരിയാണു...!!!

ഇനിയും ലോക്ക്ഡൗൺ അനുഭവങ്ങൾ ഉണ്ടു കേട്ടോ!!!!

എഴുതുക തന്നെ ചെയ്യും...

അല്ലാതെ ഈ രണ്ടാം ലോക്ക്ഡൗണിൽ സമയം എങ്ങനെ പോകും..!!!

സഹിക്കുക!!!!

അത്ര തന്നെ!!!!




TAGS :

Next Story