മുസ്‌ലിം വിദ്യാർഥികൾ തട്ടം ഭംഗിയായി ധരിച്ചിരിക്കണമെന്ന് നിഷ്‌കർഷിക്കുന്ന, അങ്ങനെ ചെയ്തില്ലെങ്കിൽ വഴക്ക് പറയുന്ന ക്രിസ്ത്യൻ മാനേജ്മെന്റ് സ്‌കൂളിനെ നിങ്ങൾക്കറിയുമോ?
ഹിജാബ് വിലക്ക് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രകാരനായ ഷാനവാസ് മുടിക്കൽ കുറിപ്പ് പങ്കുവെച്ചത്

Hijab | Photo | Hikma Boutique
കോഴിക്കോട്: ശിരോവസ്ത്ര വിലക്ക് സംബന്ധിച്ച വിവാദങ്ങൾക്കിടെ മുസ്‌ലിം വിദ്യാർഥികൾ ഭംഗിയായി തട്ടം ധരിച്ചില്ലെങ്കിൽ വഴക്ക് പറയുന്ന ക്രിസ്ത്യൻ സ്‌കൂളിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് ചിത്രകാരൻ ഷാനവാസ് മുടിക്കൽ. മുസ്‌ലിമല്ലാത്ത അധ്യാപകൻ വെള്ളിയാഴ്ച ജുമുഅക്ക് കുട്ടികളെ തൊട്ടടുത്തുള്ള പള്ളിയിൽ കൊണ്ടുപോയി നിസ്‌കരിപ്പിച്ച് തിരിച്ചുകൊണ്ടുവരുന്ന രീതിയും ഈ സ്‌കൂളിലുണ്ടെന്ന് ഷാനവാസ് പറയുന്നു. പെരുമ്പാവൂരിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ മുടിക്കൽ ക്യൂൻമേരീസ് ഹൈസ്‌കൂളിനെ കുറിച്ചാണ് ഷാനവാസിന്റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശിരോവസ്ത്ര (തട്ടം) വിവാദത്തിനിടയിൽ ഒരനുഭവം കുറിക്കട്ടെ....?
യൂണിഫോമിനോടൊപ്പം മുസ്ലിം വിദ്യാർത്ഥികൾക്കുള്ള തട്ടം വൃത്തിയായും ഭംഗിയായും ധരിക്കണമെന്ന് നിഷ്കർഷിക്കുകയും അങ്ങനെ ചെയ്തില്ലെങ്കിൽ വഴക്കു പറയുകയും ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിനെ നിങ്ങൾക്കറിയാമോ....?
മുസ്ലിം മത വിശ്വാസി അല്ലെങ്കിൽ പോലും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് (ജുമുഅ) കുട്ടികളെ തൊട്ടടുത്തുള്ള പള്ളിയിൽ കൊണ്ടുപോയി നിസ്കരിപ്പിക്കുകയും, കഴിയുന്നതുവരെ പള്ളിക്ക് മുൻപിൽ കാത്തുനിന്ന് തിരിച്ചു കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക് വരുന്ന അധ്യാപകൻ ഉള്ള ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിനെപ്പറ്റി നിങ്ങൾക്കറിയാമോ....? പറഞ്ഞുവരുന്നത് 52 ഓളം വർഷം പഴക്കമുള്ള പെരുമ്പാവൂരിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ മുടിക്കൽ ക്യൂൻമേരീസ് ഹൈസ്കൂളിനെ പറ്റിയാണ്.
വാർഷിക പരിപാടികളിൽ കുട്ടികളെ കൊണ്ട് "ബൈബിളും ഖുർആനും ഗീതയും" ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുക എന്ന ശീലം മുടക്കാത്ത ഒരു സ്കൂൾ. നമ്മുടെയെല്ലാം വിദ്യാലയ കാലഘട്ടത്തിൽ കൊന്തയണിഞ്ഞ, ചന്ദനക്കുറിതൊട്ട, തട്ടമിട്ട......
കൂട്ടുകാരെല്ലാം ഒരുമിച്ച് പഠിക്കുന്ന.... ഉല്ലസിക്കുന്ന കാഴ്ചകളിൽ നിന്ന് നാം ഏറെ മാറിയിരിക്കുന്നു. മതം മനുഷ്യന്റെ നന്മക്ക് വേണ്ടിയാണെന്ന ചിന്തയിൽ നിന്ന് മാറി, വിഭജന മന്ത്രത്തിലേക്ക് സമൂഹത്തെ തള്ളിയിടാനുള്ള ബോധപൂർവ്വമായ ശ്രമത്തെ ഇനിയുള്ള തലമുറ കരുതിയിരിക്കണം. മുടിക്കൽ ക്യൂൻമേരിസ് പോലെ ദിശാബോധമുള്ള മാനേജ്മെന്റുകളും അതോടൊപ്പം നിൽക്കുന്ന നാട്ടുകാരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൂടി അടങ്ങുന്നതാണ് ഈ സമൂഹം എന്നുള്ളത് പ്രതീക്ഷ നൽകുന്നതാണ്.
Adjust Story Font
16

