Quantcast

ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച; സംവിധായിക നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും

MediaOne Logo

Web Desk

  • Updated:

    2023-01-05 10:52:10.0

Published:

5 Jan 2023 10:49 AM GMT

ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച; സംവിധായിക നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
X

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എം. ആർ അജിത് കുമാറാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.

കേസ് അന്വേഷിച്ച തിരുവനന്തപുരം ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ സംവിധായകയുടെ മരണം സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിൽ നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന സംശയമുള്ളതായി പറയുന്നുണ്ട്. ഇതു കൂടാതെ ആദ്യഘട്ട അന്വേഷണത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിലും ചില വീഴ്ചകൾ സംഭവിച്ചിതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്. നയനസൂര്യയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപികരിക്കുമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

സംവിധായകയുടെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ വാദം. സ്വാഭാവിക മരണമാണെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ തന്നെ ലഭ്യമായിരുന്നു. പൊലീസിനെ വിശ്വസിച്ച് റിപ്പോർട്ട് പരിശോധിച്ചില്ലെന്നും നയനയുടെ സഹോദരങ്ങൾ പറഞ്ഞു.'അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ നയന മരിച്ചു എന്നാണ് കരുതിയത്. ഇപ്പോൾ തങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പുറത്തുവരുന്ന വിവരങ്ങൾ കാണുമ്പോൾ ദുരൂഹത തോന്നുന്നു. നയനയുടെ കഴുത്ത് ഞെരിഞ്ഞിരുന്നതായും അടിവയറ്റിൽ പാടുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ ഉണ്ട്'.കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നയനയുടെ ശരീരത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റിൽ ചവിട്ടേറ്റതുപോലെ ക്ഷതമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തിന്റെ ആഘാതത്തിൽ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


TAGS :

Next Story