എംപുരാൻ സിനിമയുടെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ
കണ്ണൂർ പാപ്പിനിശേരിയിലെ കമ്പ്യുട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് വളപട്ടണം പൊലീസിന്റെ കണ്ടെത്തൽ

കണ്ണൂർ: എംപുരാൻ സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. വളപട്ടണം പൊലീസിന്റെ അന്വേഷണത്തിലാണ് വ്യാജ പതിപ്പ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പാപ്പിനിശേരിയിലെ കമ്പ്യുട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് വളപട്ടണം പൊലീസിന്റെ കണ്ടെത്തൽ.
എംപുരാൻ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിന്റെ വ്യാജപതിപ് പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പാപ്പിനിശ്ശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻ എന്ന കമ്പ്യൂട്ടർ ഷോപ്പിൽ നിന്നാണ് സിനിമയുടെ വ്യാജപതിപ്പുകൾ കണ്ടെത്തിയത്. ഷോപ്പിൽ നിന്ന് പെൻ ഡ്രൈവിലേക്കും സിഡികളിലേക്കുമായി വ്യാജകോപ്പി പകർത്തി നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയിഡ് നടത്തിയത്.
റെയ്ഡിൽ വ്യാജപതിപ്പ് കണ്ടെത്തുകയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരി ഉൾപ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് നിർണായകമായ വിവരങ്ങൾ ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വളപട്ടണം എസ്‌ഐ ഉണ്ണികൃഷ്‍ണന്റെ നേതൃത്വത്തിലുള്ള പ്രതേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ പൃഥ്വിരാജ് നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജപതിപ്പുമായി ബന്ധപ്പെട്ട് ഇതിന് പിന്നിൽ വലിയ ലോബി തന്നെ പ്രവർത്തിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചത്.
എംപുരാൻ സിനിമയുടെ വ്യാജപതിപ്പ് തിയേറ്ററിൽ നിന്നാണ് പകർത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നാണോ തമിഴ് നാട്ടിൽ നിന്നാണോ പകർത്തിയത് എന്ന് ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ മനസിലാവുകയുള്ളു. മലയാളികളായ ഒരു സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ.
Adjust Story Font
16

