വ്യാജ മാർക്ക് ലിസ്റ്റ് കാണിച്ച് പഞ്ചായത്തിൽ ജോലി; പാലക്കാട് പുതുക്കോട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി

പാലക്കാട്: പുതുക്കോട് പഞ്ചായത്തിൽ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് താൽക്കാലിക ജോലി നേടിയ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പുതുക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് അക്കൗണ്ടന്‍റ് കം ഐ. ടി. അസിസ്റ്റന്റ് ആയി ജോലി ചെയ്ത കെ.വി ഗണപതിക്കെതിരെയാണ് കേസ്. ഇയാൾ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു.
ബിരുദം പാസാകാത്ത ഗണപതി കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദത്തിന്‍റെ വ്യാജ മാർക്ക് ലിസ്റ്റ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
കരാർ കാലാവധി കഴിഞ്ഞപ്പോൾ ഗണപതിയെ പുതിയ പഞ്ചായത്ത് ഭരണസമിതി ജോലിയിൽ നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ ഇയാൾ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
നിലവിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് വടക്കാഞ്ചേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വഞ്ചനകുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം, പരാതി ഉയർന്നപ്പോൾ തന്നെ ഗണപതിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതായിരുന്നെന്നാണ് സിപിഎം വാദം.
Watch Video Report:
Adjust Story Font
16

