'പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല'; ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നാണ് ആവശ്യം

വയനാട്: കൽപ്പറ്റ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഗോകുലിന്റെ അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോകുലിന്റെ അമ്മയുടെ ഹരജി.
നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നാണ് ആവശ്യം. കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹരജി മെയ് 27 ന് വീണ്ടും പരിഗണിക്കും.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് ആദിവാസി യുവാവായ ഗോകുൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ കുടുംബത്തെ വിവരമറിയിച്ചിരുന്നെന്നും രാവിലെ എട്ടുമണിയോടെ ശുചിമുറിയിൽ ഗോകുൽ മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരണം.
പൊലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗോകുലിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. വീട്ടിൽ പലതവണ വന്നു. ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കി. പൊലീസ് ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തെന്നും ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞിരുന്നു.
Adjust Story Font
16

