'വീട് വെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ല'; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം
വീട് വെക്കാൻ തറ കെട്ടിയപ്പോൾ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ രാത്രിയിൽ തകർത്തു എന്നാണ് പരാതി

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം. വീട് വെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം.
തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരം നടത്തുന്നത്. വീട് വെക്കാൻ തറ കെട്ടിയപ്പോൾ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ രാത്രിയിൽ തകർത്തു എന്നാണ് പരാതി. പട്ടേരിക്കുന്നത്ത് സുബൈർ എന്നയാളുടെ നേതൃത്വത്തിലാണ് അതിക്രമം നടന്നതെന്നും ഇയാൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നും പരാതിക്കാരൻ പറയുന്നു. ഇത് സംബന്ധിച്ച് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി വീടുവെക്കാനുള്ള ശ്രമം നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. പ്രവാസിയായ താൻ നാട്ടിലെത്തിയശേഷമാണ് വീട് വെക്കാൻ ആരംഭിച്ചത്. അവർ പറയുന്ന സ്ഥലത്ത് വീട് വെക്കണമെന്ന് പറഞ്ഞാണ് ശല്യപ്പെടുത്താൻ തുടങ്ങിയത്. മാന്യമായി പറഞ്ഞുനോക്കി. താനും നേരത്തെ പാർട്ടിയിൽ സജീവമായിരുന്നു. രാത്രിയാണ് ഇവർ തറ പൊളിച്ചത്. ഇത് സംബന്ധിച്ച് സിപിഎം നേതാക്കൾക്ക് പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
എന്നാൽ, സമരം ആസൂത്രിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാർ. ഇത്തരം ഒരു പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രശ്നം ചോദിച്ചു മനസിലാക്കി പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

