Quantcast

'കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കുന്നില്ല'; വീണ്ടും പരാതിയുമായി മരിച്ച ഡിസിസി ട്രഷററുടെ കുടുംബം

'പണം കൊടുക്കാനുള്ളവർ നിരന്തരം വീട്ടിലെത്തുകയാണ്'.

MediaOne Logo

Web Desk

  • Updated:

    2025-05-04 13:47:59.0

Published:

4 May 2025 6:45 PM IST

Family of deceased DCC treasurer complains against Congress Leaders
X

കൽപറ്റ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ കുടുംബം വീണ്ടും രംഗത്ത്. നേതാക്കൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് മകൻ വിജേഷും മരുമകൾ പത്മജയും ആരോപിച്ചു.

സുൽത്താൻ ബത്തേരിയിൽ എത്തുന്ന പ്രിയങ്കാ ഗാന്ധിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാൻ എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരോട് കുടുംബം ഇക്കാര്യം പറഞ്ഞത്.

പണം കൊടുക്കാനുള്ളവർ നിരന്തരം വീട്ടിലെത്തുകയാണ്. വീട്ടിലെത്തി കണ്ട നേതാക്കൾ ഇപ്പോൾ ഫോൺ എടുക്കുമ്പോൾ കൃത്യമായ വിവരമൊന്നും പറയുന്നില്ലെന്നും കുടുംബം ആരോപിച്ചു.

നേരത്തെ, എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ മൊഴിയെടുത്തിരുന്നു. കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. കത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

എൻ.എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കേസിൽ, മുമ്പ് ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്തിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഐ.സി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ എംഎൽഎയെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.


TAGS :

Next Story