'ആദ്യത്തെ ആത്മഹത്യാശ്രമത്തിനുശേഷം വീട്ടിലേക്ക് വരുന്നത് പൊലീസ് തടഞ്ഞു'; മകന്‍ മരിച്ചത് മാനസിക പീഡനംമൂലമെന്ന് ആനന്ദിന്‍റെ അമ്മ
പൊലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സഹോദരൻ അരവിന്ദ്

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ അമ്മയുടെയും സഹോദരന്റെയും മൊഴിയെടുത്തു.പൊലീസിൻ്റെ വീഴ്ച പരിശോധിക്കുന്ന ബറ്റാലിയൻ കമാൻഡൻ്റിൻ്റെ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മാനസിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുടുംബം മൊഴി നൽകി.
വീട്ടിലായിരുന്നെങ്കിൽ ആനന്ദ് ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് അമ്മ ചന്ദ്രിക പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സഹോദരൻ അരവിന്ദ് മീഡിയവണിനോട് പറഞ്ഞു.പൊലീസ് അന്വേഷണത്തിൽ സത്യം പുറത്ത് വരില്ലെന്നും അരവിന്ദ് പറഞ്ഞു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിഐജിയുടെ റിപ്പോർട്ട് പൊലീസിനെ വെള്ളപൂശുന്നതാണെന്നും ആനന്ദിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. ആദ്യ ആത്മഹത്യാശ്രമത്തിന് ശേഷം ആനന്ദിനെ പരിചരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ആനന്ദിന്റെ ആവശ്യപ്രകാരമാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആത്മഹത്യാശ്രമത്തിന് ശേഷം പുറത്തുവന്ന വാർത്തകളിലെ കമന്റുകൾ ആനന്ദിനെ വേദനിപ്പിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു.കഴിഞ്ഞദിവസമാണ് ആനന്ദ് എസ്എപി ക്യാമ്പിൽ ജീവനൊടുക്കിയത്.
Adjust Story Font
16

