സ്വാമി ഹിമവൽ ഭദ്രാനന്ദയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
ജൂൺ 22നാണ് പേരാമ്പ്ര സ്വദേശിയായ അജയ്കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

മലപ്പുറം: നിലമ്പൂരിൽ സ്വാമി ഹിമവൽ ഭദ്രാനന്ദക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ സ്വകാര്യ ഹോട്ടലിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം. മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകി. ജൂൺ 22നാണ് പേരാമ്പ്ര സ്വദേശിയായ അജയ്കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൈസൂരിൽ ബിരുദ വിദ്യാർഥിയായ അജയ്കുമാർ എങ്ങനെയാണ് ഇവിടെ എത്തിയതെന്നും. ഈ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ അന്വേഷിക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. മരിക്കുന്നതിന്റെ അന്ന് രാത്രി അജയ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
'അജയ് കുമാറിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നു. മരണം നടന്ന സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു. ഇതൊന്നും വ്യക്തമല്ല. ഇദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ല. ഈ മരണത്തിൽ തീർച്ചയായും ദുരൂഹതയുണ്ട്. ആ ദുരൂഹത പുറത്തുകൊണ്ടുവരണം' എന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പറഞ്ഞു.
'ഈ സംഭവവുമായി ബന്ധപ്പെട്ട് ലഹരി മാഫിയക്ക് ബന്ധമുണ്ടോ. ഈ വേട്ടയാടന്റെ പിന്നിൽ മറ്റാരൊക്കെയാണ് ഉള്ളത്. ഈ കൂട്ടത്തിൽ ഉണ്ടായിരുന്നത് ആരൊക്കെയാണ് വളരെ വ്യക്തമായി പരിശോധിച്ചു ഈ സംഘത്തെ മൈസൂർ മുതൽ ഇങ്ങോട്ട് അന്വേഷിക്കണം. അദ്ദേഹത്തിന്റെ കൂടെ ഹിമവെൽ ഭദ്രാനന്ദ എന്ന് പറയുന്ന സ്വാമിയും മുറിയിലുണ്ടായിരുന്നു. അതൊക്കെയാണ് ഇത് സംബന്ധിച്ച് വീട്ടുകാർക്ക് വലിയ അവ്യക്തത ഉണ്ടാകുന്നത്. സ്വാമി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത് അന്നേദിവസം രാവിലെയാണ് അടുത്ത് പരിചയപ്പെട്ടത് എന്നാണ്. മരണപ്പെട്ട ദിവസം മാത്രമാണ് അടുത്ത് ഇടപഴകിയത് എന്നാണ്. എന്നാൽ കഴിഞ്ഞ പതിനെട്ടാം തീയതി ഇദ്ദേഹത്തിന്റെ വീട്ടിൽ പോവുകയും അമ്മയുമായി പരിചയപ്പെടുകയും അമ്മയുമായുള്ള ഫോട്ടോയൊക്കെ വീട്ടുകാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്' എന്നും കെ. സുനിൽ വ്യക്തമാക്കി.
Adjust Story Font
16

