Quantcast

'പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?'; ചോദ്യവുമായി എഴുത്തുകാരി ഫർസാന

സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഫർസാനയുടെ പ്രതികരണം

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-01-27 13:31:50.0

Published:

27 Jan 2026 5:38 PM IST

പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ?; ചോദ്യവുമായി എഴുത്തുകാരി ഫർസാന
X

കോഴിക്കോട്: പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഫർസാനയുടെ പ്രതികരണം. നേരത്തെ, മിശ്കാൽ പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിൽ ഗവേഷകരടക്കമുള്ള സ്ത്രീകൾ വിമർശനം ഉന്നയിച്ചിരുന്നു.

'ചരിത്രപ്രധാനമായ മിശ്കാൽ പള്ളിയുടെ അകം കാണണമെന്ന ആഗ്രഹത്തിൽ അവിടേക്ക് പോയിരുന്നു. അനുവദിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോഴിതാ, കോഴിക്കോട്ടേക്കുവന്ന സുനിതാ വില്യംസ് മിശ്കാൽ പള്ളിക്കകം കണ്ടെന്നുള്ള വാർത്തകൾ വരുന്നു.' ഫർസാന ഫേസ്ബുക്കിൽ കുറിച്ചു. 'സ്വന്തം സമുദായത്തിലെ സ്ത്രീകളെ കണ്ടാൽ അകത്തേക്ക് കയറ്റാതെ ഉറഞ്ഞുതുള്ളുന്ന പുരോഹിതർ പക്ഷെ സുനിതാ വില്യംസിനെ കണ്ടപ്പോൾ കവാത്ത് മറന്നതെന്താണ്?' അവർ ചോദിച്ചു.


കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായെത്തിയ സുനിത വില്യംസ് ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെത്തിയത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നത്. സുനിത വില്യംസിന് കയറാവുന്ന പള്ളിയിൽ നാട്ടിലുള്ളവർക്കും ഗവേഷകരും സഞ്ചാരികളുമായ വനിതകൾക്കും സന്ദർശിക്കാൻ അനുവദിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചു.

മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളുടെ രചയിതാവാണ് ഫർസാന. സാമൂഹിക വിഷയങ്ങളും സ്ത്രീപക്ഷ ചിന്തകളുമാണ് ഫർസാനയുടെ എഴുത്തുകളിലെ പ്രധാന പ്രമേയം. മലബാറിലെ മുസ്‌ലിം സ്ത്രീകളുടെ ജീവിതകഥ പറയുന്ന 'കിള', കാഴ്ചകളും ചിന്തകളും ജീവിത സാഹചര്യങ്ങളും പ്രമേയമാക്കിയ 'എൽമ', വേട്ടാള എന്നിവയാണ് പ്രധാന കൃതികൾ.

ഫർസാന അലിയുടെ കുറിപ്പിന്റെ പൂർണരൂപം:
'ചരിത്രപ്രധാനമായ മുസ്‌ലിം പള്ളികളിലേക്ക് സ്ത്രീകളുടെ പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ പ്രവേശനം തടയുന്നതിനെക്കുറിച്ച് പലവട്ടം ഇവിടെ എഴുതിയതാണ്. മിശ്കാൽ പള്ളിയുടെ അകം കാണണമെന്ന ആഗ്രഹത്തിൽ അവിടേക്ക് ഒരിക്കൽ പോയിരുന്നു. അനുവദിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. തർക്കിക്കാനോ വാദിക്കാനോ നിൽക്കാതെ പുറമെ നിന്നുള്ള ഭംഗി ആസ്വദിച്ച് മടങ്ങിപ്പോന്നു. പൊന്നാനിയിലെ പള്ളിയിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതിനെക്കുറിച്ച് നേരത്തേ എഴുതിയിരുന്നു.

ഇപ്പോഴിതാ, കോഴിക്കോട്ടേക്കുവന്ന സുനിതാ വില്യംസ് മിശ്കാൽ പള്ളിയ്ക്കകം കണ്ടെന്നുള്ള വാർത്തകൾ വരുന്നു. സ്വന്തം സമുദായത്തിലെ സ്ത്രീകളെ കണ്ടാൽ, അകത്തേക്ക് കയറ്റാതെ ഉറഞ്ഞുതുള്ളുന്ന പുരോഹിതർ, പക്ഷെ സുനിതാ വില്യംസിനെ കണ്ടപ്പോൾ കവാത്ത് മറന്നതെന്താണ്?

ഇനിയിപ്പോൾ, പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും ഒക്കെ പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ട് വരേണ്ടതായുണ്ടോ ആവോ!'

TAGS :

Next Story