Quantcast

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി

രാജ്യാന്തര യാത്രക്കാർക്ക് 20 സെക്കൻഡുകൾ കൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാവും

MediaOne Logo

Web Desk

  • Published:

    18 Jan 2025 1:08 PM GMT

CIAL_Immigration
X

കൊച്ചി: സിയാലിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ് (FTI-TTP) തുടക്കമായത്.

ആഭ്യന്തര യാത്രക്കാർക്ക് ബോർഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ സിയാലിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എഫ്.ടി.ഐ - ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാർക്ക് 20 സെക്കൻഡുകൾ കൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാവും.

അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകൾ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുടമകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.

പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ അടുത്ത ഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകൾക്കും സ്മാർട് ഗേറ്റുകൾ ഉപയോഗപ്പെടുത്താം. ഇതോടെ നടപടികൾ പൂർത്തിയാക്കാൻ വരി നിന്നുള്ള കാത്തുനിൽപ്പും ഒഴിവാകും.

സ്മാർട് ഗേറ്റിൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്റ്ററേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാവുകയും ചെയ്യും.

TAGS :

Next Story