Quantcast

'മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റില്‍ ഇടിച്ചു'; തിരുവനന്തപുരത്തെ ഒരു വയസുകാരന്റെ കൊലയിൽ കുറ്റം സമ്മതിച്ച് പിതാവ്

മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

MediaOne Logo

Web Desk

  • Published:

    23 Jan 2026 10:27 PM IST

Father confesses the murder of a one-year-old boy in Thiruvananthapuram
X

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. ഭാര്യയിലുള്ള സംശയം മൂലമാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഷിജിന്‍ പൊലീസിനോട് പറഞ്ഞു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കേസില്‍ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചെന്നും ഇതോടെ കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് പിതാവ് ഷിജിന്‍ പൊലീസിന് നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.

കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനിൽ ഷിജിൽ- കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

ഇതിൻ്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പിതാവിന്റെ കുറ്റസമ്മതം. സംഭവത്തില്‍ നേരത്തെ നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തിൽ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തും.

TAGS :

Next Story