Quantcast

'മാന്യതയില്ലാതെ മൊബൈൽ ഫോണുമായി ഒരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ

പൊതുഇടങ്ങളിലാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-06-16 05:56:03

Published:

16 Jun 2026 10:26 AM IST

മാന്യതയില്ലാതെ മൊബൈൽ ഫോണുമായി  ഒരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ
X

കോഴിക്കോട്: വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും ഇത് തുടര്‍ന്നാൽ പാപ്പരാസികൾക്കെതിരെ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഫാത്തിമ തഹിലിയ എംഎൽഎ. പൊതുഇടങ്ങളിലാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും അവര്‍ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എന്നെ ലക്ഷ്യമാക്കി, എന്‍റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്:

ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്‍റെ ഉത്തരവാദിത്തത്തിന്‍റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്. എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ 'മീഡിയ' എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.

ഇത്തരം ചാനലുകൾ എന്‍റെ പിആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു. പൊതുഇടങ്ങളിലാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു code of conduct-ഉം പാലിക്കാതെ, ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.

ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല. ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ stalking-ഉം privacy violation-ഉം ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

TAGS :

Next Story