സഭയുടെ അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചെന്ന് ബിഷപ്പ് പാംപ്ലാനി; 'എഫ്‌സിആര്‍എ പൗരാവകാശങ്ങളുടെ ലംഘനം'
'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രത്യേക ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല'

- Updated:
2026-04-06 15:12:39.0

തലശ്ശേരി: ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കൃത്യമായ വിശദീകരണമില്ലാതെ സ്വത്തുക്കള്‍ കണ്ടുകെട്ടി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രത്യേക ക്രൈസ്തവ വോട്ട് ബാങ്ക് രൂപീകരിക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ലെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
ഏത് മുന്നണി അധികാരത്തില്‍ വന്നാലും സഭ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പ്രഖ്യാപിത നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ല. വിശ്വാസികള്‍ക്ക് സാഹചര്യം വിശകലനം ചെയ്ത് മനസ്സാക്ഷിക്ക് അനുസൃതമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയണം. അതേസമയം, ഞങ്ങള്‍ കാര്യങ്ങള്‍ അവലോകനം ചെയ്യുകയും വിശ്വാസികളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും. ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയാല്‍ വിശ്വാസികള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. അതിന് സഭ ഇടപെടേണ്ട ആവശ്യമില്ലെന്ന് കരുതുന്നു -അദ്ദേഹം പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ പൗരാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സംഭാവനകളുടെ പ്രധാന ഗുണഭോക്താവ് പള്ളിയാണെന്ന ആരോപണം തെറ്റാണ്. വിദേശത്ത് നിന്ന് വളരെ വലിയ സംഭാവനകള്‍ സ്വീകരിക്കുന്ന നിരവധി സമുദായ സംഘടനകളുണ്ട്. അതിനാല്‍ ഇത് ഒരു ക്രിസ്ത്യന്‍ പ്രശ്‌നമല്ല. മറിച്ച് പൗരാവകാശങ്ങളുടെ ലംഘനമാണ്. വിദേശത്ത് ജോലി ചെയ്യുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളമാണ് സഭയ്ക്ക് ലഭിക്കുന്നത്. ഇതിനെ പള്ളിക്കുള്ള വിദേശ സഹായമായി ചിത്രീകരിക്കുന്നത് തെറ്റാണ്. സഭയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കൃത്യമായ വിശദീകരണമില്ലാതെ സ്വത്തുക്കള്‍ കണ്ടുകെട്ടി - അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണ്. എന്നാല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവില്‍ വന്നതിനുശേഷം, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മതമൗലിക ശക്തികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പാസാക്കിയ വനഭേദഗതി ബില്ലിന് ഗവര്‍ണറോ കേന്ദ്രമോ അംഗീകാരം നല്‍കിയിട്ടില്ല. വനമേഖലയിലെ വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആന, കടുവ, പുള്ളിപ്പുലി തുടങ്ങിയ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
Adjust Story Font
16
