നിയമസഭാ സീറ്റിനായി വനിതാ ലീഗ് നേതാക്കളുടെ സമ്മർദം; തമ്മിലടി നിർത്തൂവെന്ന് ലീഗ് നേതൃത്വം, പട്ടികയിൽ സുഹറ മമ്പാട് മുതൽ ജയന്തി രാജൻ വരെ
സുഹറ മമ്പാട്, നൂർബിന റഷീദ്, കുൽസു ടീച്ചർ, ജയന്തി രാജൻ, ബ്രസീലിയ ഷംസുദ്ദീൻ, ഫാത്തിമ തഹ്‌ലിയ, ഷാജിത നൗഷാദ് എന്നിവരാണ് സീറ്റ് പ്രതീക്ഷിക്കുന്നവർ.

നിയമസഭാ സീറ്റിനായി മുസ്‌ലിം ലീഗിലെ ഏതാനും വനിതാ നേതാക്കളുടെ അസാധാരണ കൂട്ടയോട്ടം. സീറ്റ് പ്രതീക്ഷിക്കുന്ന അരഡസൻ നേതാക്കൾ പാണക്കാട് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെയും നിരന്തരം സന്ദർശിച്ച് പട്ടികയിൽ പേരുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. സുഹറ മമ്പാട്, നൂർബിന റഷീദ്, കുൽസു ടീച്ചർ, ജയന്തി രാജൻ, ബ്രസീലിയ ഷംസുദ്ദീൻ, ഫാത്തിമ തഹ്‌ലിയ, ഷാജിത നൗഷാദ് എന്നിവരാണ് സീറ്റ് പ്രതീക്ഷിക്കുന്നവർ. പരമാവധി രണ്ട് സീറ്റിൽ വനിതകളെ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിൽ നടക്കുന്ന ചർച്ച. ഒരു സീറ്റ് ലീഗ് ദേശീയ സെക്രട്ടറിയും ദലിത് പ്രതിനിധിയുമായ ജയന്തി രാജന് നൽകാനും ആലോചനയുണ്ട്.
ജയന്തി രാജൻ
സുഹറ മമ്പാട്, അഡ്വ.നൂർബിന റഷീദ്, ബ്രസീലിയ ഷംസുദ്ദീൻ
2021ൽ കോഴിക്കോട് സൗത്തിലാണ് ലീഗിലെ ഏക വനിതാ സ്ഥാനാർഥി നൂർബിന റഷീദ് മത്സരിച്ചത്. പിണറായി തരംഗവും ലീഗിലെ കാലുവാരലും മൂലം നൂർബിന തോറ്റു. ഇത്തവണയും കോഴിക്കോട് സൗത്ത് ആണ് ലീഗ് വനിതക്ക് അനുവദിക്കുന്നതെങ്കിൽ നൂർബിനക്ക് തന്നെയാണ് പ്രഥമ പരിഗണന. ചെറുപ്പക്കാരെ പരിഗണിക്കണമെന്ന ചർച്ച വന്നാൽ കോഴിക്കോട് സൗത്തിൽ തന്നെയുള്ള കോർപറേഷൻ കൗൺസിലർ കൂടിയായിരുന്ന വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീനെ പരിഗണിക്കാനിടയുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് സീറ്റിനായി ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. 2021ൽ തന്നെ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഹരിത മുൻ അധ്യക്ഷ ഫാത്തിമ തഹ്‌ലിയ ഇത്തവണയും ശക്തമായി രംഗത്തുണ്ട്.
ഫാത്തിമ തഹ് ലിയ, ബ്രസീലിയ ഷംസുദ്ദീൻ
ഹരിത വിവാദത്തെ തുടർന്ന് സംഘടനാ നടപടി നേരിട്ട തഹ്‌ലിയയെ തിരിച്ചെടുത്തെങ്കിലും പാർട്ടി നേതൃത്വം അവരെ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. ഹരിതയെ മുൻനിർത്തി തഹ്‌ലിയയും നജ്മ തബ്ഷീറയും ലീഗ് നേതൃത്വത്തിനെതിരെ നടത്തിയ കലാപം ലീഗ് ചരിത്രത്തിലെ തന്നെ കറുത്ത ഏടായാണ് നേതൃത്വം കാണുന്നത്. വലിയ ഉദാരതക്ക് സാദിഖലി തങ്ങൾ തയ്യാറായാൽ മാത്രമേ തഹ്‌ലിയക്ക് നിയമസഭയിലേക്ക് അവസരം ലഭിക്കൂ. തഹ്‌ലിയയെയും നജ്മയെയും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ മത്സരിപ്പിക്കണമെന്ന ചർച്ചയും നേതൃത്വത്തിലുണ്ട്.
ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന് സീറ്റ് നൽകണമെന്ന ആലോചന ലീഗിൽ കാര്യമായി തന്നെ നടക്കുന്നുണ്ട്. സംവരണ സീറ്റുകളിലൊന്ന് ജയന്തി രാജന് നൽകാനാണ് നേതൃത്വം ആലോചിക്കുന്നത്. ജൂലൈ 20, 21 തീയതികളിൽ നടന്ന വനിതാ ലീഗിന്റെ കാപ്പാട് ക്യാമ്പിൽ സാദിഖലി തങ്ങൾ നടത്തിയ പ്രസംഗത്തിൽ ഇതിന്റെ സൂചനകളുണ്ടായിരുന്നു. വനിതാ ലീഗിന് സീറ്റ് നൽകുമ്പോൾ ഇതര മതസ്ഥരെയും ചേർത്തു നിർത്തുമെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. 2021ൽ ചേലക്കര ലീഗിന് നൽകാൻ യുഡിഎഫിൽ ആലോചന നടന്നപ്പോൾ പാർട്ടി പരിഗണിച്ചത് ജയന്തിയെ ആയിരുന്നു.
സമ്മർദത്തിൽ മുന്നിൽ സുഹറ മമ്പാട്
നിയമസഭാ സീറ്റ് തരപ്പെടുത്താനുള്ള വനിതാ ലീഗ് നേതാക്കളുടെ സമ്മർദ നീക്കത്തിൽ മുന്നിലുള്ളത് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് തന്നെയാണ്. മുജാഹിദ് നേതൃത്വത്തിൽ കൂടി പ്രവർത്തിക്കുന്ന സുഹറ എല്ലാ ബന്ധങ്ങളും ഉപയോഗിച്ചാണ് സമ്മർദം ശക്തമാക്കിയത്. ലീഗിലെ പുതുതലമുറ വനിതാ നേതാക്കളും സുഹറയും തമ്മിലുള്ള അകലം സ്ഥാനാർഥി സാധ്യതക്ക് തടസ്സമാകുന്ന ഘടകമാണ്.
ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി നല്ല പ്രകടനം നടത്തിയ സുഹറക്ക് പക്ഷെ, വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് തിളങ്ങാനായില്ല. വെട്ടിനിരത്തൽ ശൈലിയിൽ സംഘടനാ തീരുമാനങ്ങളെടുക്കുന്നുവെന്ന വിമർശനം നേരിടുന്ന സുഹറയെ പരിഗണിക്കുന്നതിനോട് മുതിർന്ന പല ലീഗ് നേതാക്കൾക്കും താത്പര്യമില്ല . എങ്കിലും വനിതാ ലീഗ് അധ്യക്ഷ എന്ന നിലയിൽ സീറ്റിനുള്ള അവരുടെ അവകാശ വാദം പാർട്ടിക്ക് എളുപ്പം തള്ളിക്കളയാനാവില്ല.
വനിതാ ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ സാദിഖലി തങ്ങൾ സംസാരിക്കുന്നു
ലീഗിന് മുന്നിലെ വെല്ലുവിളി
തുടർച്ചയായി തമ്മിലടിക്കുന്ന വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളെ നിലക്ക് നിർത്തി സംഘടനാ പ്രവർത്തനം സുഗമമാക്കാൻ ലീഗ് നേതാക്കൾ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. ആരും ആരെയും അംഗീകരിക്കില്ല എന്നതാണ് സംസ്ഥാന കമ്മിറ്റിയിലെ സ്ഥിതി. വനിതാ ലീഗ് നിരീക്ഷകരായ അഡ്വ. റഹ്മത്തുല്ലയും സി.എച്ച് റഷീദും ഇക്കാര്യത്തിൽ തങ്ങൾക്കുള്ള നിരാശ കാപ്പാട് ക്യാമ്പിൽ മറച്ചുവെച്ചില്ല. ഹരിത നേതാക്കളിൽ പ്രതിച്ഛായയുള്ള പലരെയും അടുപ്പിക്കില്ല എന്ന വിമർശനവും വനിതാ ലീഗ് നേതൃത്വം നേരിടുന്നുണ്ട്. പാർട്ടിയിലെ വനിതാ നേതാക്കൾ തോന്നിയപോലെ രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുകയാണെന്നും ഇത് അപമാനകരമാണെനന്നും അച്ചടക്ക സമിതി വേണമെന്നും കാപ്പാട് ക്യാമ്പിൽ മലപ്പുറത്ത് നിന്നുള്ള ജില്ലാ ഭാരവാഹി ആവശ്യമുന്നയിച്ചിരുന്നു. ഫാത്തിമ തഹ്‌ലിയ, നജ്മ തബ്ഷീറ തുടങ്ങിയ പുതുതലമുറ നേതാക്കളും വനിതാ ലീഗും സമാന്തരമായാണ് സഞ്ചരിക്കുന്നത് എന്ന വിമർശനവും ക്യാമ്പിൽ ഉന്നയിക്കപ്പെട്ടു. ന്യൂ ജനറേഷനും വനിതാ ലീഗും തമ്മിലുള്ള ശീത സമരത്തിൽ കക്ഷി ചേരാതെ മാറിനിൽക്കുകയാണ് ലീഗ് നേതൃത്വം. വനിതകളെ സീറ്റിനായി പരിഗണിക്കുമ്പോഴും ലീഗ് ഈ വെല്ലുവിളി നേരിടേണ്ടി വരും.
Adjust Story Font
16

