കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ
ഓർഡിനറി ബസുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ പദ്ധതി ഫലപ്രദമാകില്ല എന്നാണ് വിലയിരുത്തൽ

തിരുവനന്തപുരം: കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച അന്തിമരൂപം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാവും. ഔട്ട് ഓഫ് അജണ്ട ആയിട്ടാണ് വിഷയം അവതരിപ്പിക്കുക. തിങ്കളാഴ്ച ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഓർഡിനറി ബസ്സിൽ മാത്രം സൗജന്യ യാത്ര കൊടുത്താൽ മതി എന്നതായിരുന്നു ധാരണ. ഓർഡിനറി ബസ്സിലെ സൗജന്യ യാത്ര 100 ദിവസം പഠിച്ച ശേഷം രണ്ടാം ഘട്ടം നടപ്പാക്കും.
എന്നാൽ, ഓർഡിനറി ബസുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ പദ്ധതി ഫലപ്രദമാകില്ല എന്നാണ് വിലയിരുത്തൽ. അതിനാൽ വടക്കൻ ജില്ലകളിലെ മന്ത്രിമാർ ഫാസ്റ്റ് ബസുകളിൽ കൂടി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്. കെഎസ്ആർടിസിക്കുള്ള തിരിച്ചടവ് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.. ധനകാര്യ സെക്രട്ടറിയുടെ നിർദ്ദേശങ്ങളും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
ഈ മാസം 15 മുതലാണ് കെഎസ്ആർടിസിയിൽ സ്ത്രീസൗജന്യ യാത്ര ആരംഭിക്കുന്നത്. യുഡിഎഫിൻ്റെ പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരൻ്റികളിൽ സർക്കാർ ആദ്യം പ്രഖ്യാപിച്ചത് കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയാണ്. അതിനാൽ വലിയ രീതിയിലുള്ള ഉദ്ഘാടന ചടങ്ങ് വേണമോ എന്നുള്ള കാര്യവും മന്ത്രിസഭാ യോഗം തീരുമാനിക്കും.
Adjust Story Font
16

