മറ്റത്തൂരിൽ ഒടുവിൽ സമവായം; വൈസ് പ്രസിഡന്റ് രാജിവെച്ചു, പ്രസിഡന്റ് തുടരും
അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കാനാകും ഇനി കോൺഗ്രസ് നീക്കം

ടി.എം ചന്ദ്രൻ, നൂർജഹാൻ നവാസ്
തൃശൂർ: ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നൂർജഹാൻ നവാസ് രാജിവെച്ചു. രാജിക്കത്ത് ഉടൻ കെപിസിസി നേതൃത്വത്തിന് കൈമാറും. എന്നാൽ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല.
കെപിസിസി ചുമതലപ്പെടുത്തിയ റോജി എം ജോൺ എംഎൽഎ മായുള്ള ചർച്ചയിലൂടെയാണ് മറ്റത്തൂരിൽ സമവായത്തിന് വഴിയൊരുങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്.
ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റായ സ്വതന്ത്ര സ്ഥാനാർത്ഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കി.
ഇനി അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കാനാകും ഇനി കോൺഗ്രസ് നീക്കം. പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വിമതർ ഉറപ്പു പറയുന്നില്ല എന്നത് പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.
അതേസമയം ഗുണ്ടാ നേതാവ് കൊടകര റഷീദ് ആവശ്യപ്പെട്ട മൂന്നുപേരെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയാക്കിയെന്ന് വിമതർ ആരോപിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി കെപിസിസി നേതൃത്വത്തിന് പരാതി നൽകി. തെറ്റ് തിരുത്തി പാർട്ടിയിലേക്ക് തിരിച്ചു വരുന്നവരെ സ്വീകരിക്കാനും എടുത്ത് നടപടി പതിയെ പിൻവലിക്കാനും ആണ് കോൺഗ്രസ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ വിമതന്മാർ പൂർണമായി അടങ്ങിയിട്ടില്ല എന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
വൈസ് പ്രസിഡന്റ് രാജിവെച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് വരും ദിവസങ്ങളിലും അലോസരം സൃഷ്ടിക്കും.
Adjust Story Font
16

