Quantcast

എം.ഡിയാണെന്ന് പറഞ്ഞ് പണം അയപ്പിച്ചു; 35 ലക്ഷം തട്ടിയ അഞ്ച് യു.പി സ്വദേശികൾ അറസ്റ്റിൽ

എം.ഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, പാലായിലെ വ്യാപാരസ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്

MediaOne Logo

Web Desk

  • Updated:

    2023-11-14 13:29:01.0

Published:

14 Nov 2023 1:28 PM GMT

Five people from Uttar Pradesh have been arrested in the case of extorting Rs 35 lakh from Trading Company, Pala
X

പാലാ: പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കൈക്കലാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. യു.പി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

2023 ജനുവരി 31ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഇവർ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്‌സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താൻ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും കോൺഫറൻസിൽ ആയതിനാൽ തന്നെ തിരികെ വിളിക്കരുതെന്ന സന്ദേശവും എം.ഡി. ആണെന്ന വ്യാജേന അയക്കുകയായിരുന്നു. ഇത് പ്രകാരം സ്ഥാപനത്തിൽ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. തുടർന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾ ഇതര സംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇവർ ഉത്തർപ്രദേശിലെത്തി നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്.പി ഏ.ജെ തോമസ്, പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, രാമപുരം എസ്.ഐ മനോജ് പി.വി, എ.എസ്.ഐ മാരായ ബിജു കെ, സ്വപ്ന,സി.പി.ഓമാരായ സന്തോഷ്, ജോഷി മാത്യു, ശ്രീജേഷ് കുമാർ, ജിനു ആർ നാഥ്, രാഹുൽ എന്നിവരാണ് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

TAGS :

Next Story