പട്ടി പെറ്റുകിടക്കുന്നു! തേനും പഴവും ഇല്ല! ബനാന ആൻഡ് ഹണി പാർക്കിൽ കാട് മാത്രം; നശിക്കുന്നത് 30 കോടിയുടെ പദ്ധതി
വാഴപ്പഴവും തേനും ആധുനിക രീതിയിൽ സംസ്കരിച്ച് ദേശീയ, രാജ്യാന്തര വിപണികളിലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി

തൃശൂർ: തൃശൂർ കണ്ണാറയിൽ കിഫ്ബിയിൽ നിന്നും 30 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച ബനാന ആൻഡ് ഹണി പാർക്ക് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം പിന്നിട്ടിട്ടും പ്രവർത്തിക്കാതെ കാടുകയറി നശിക്കുന്നു. തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ പദ്ധതി 2021 ഫെബ്രുവരിയിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
വാഴപ്പഴവും തേനും ആധുനിക രീതിയിൽ സംസ്കരിച്ച് ദേശീയ, രാജ്യാന്തര വിപണികളിലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി. ഇതിനായി വിദേശത്തുനിന്ന് അത്യാധുനിക മെഷിനറികൾ ഉൾപ്പെടെ ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭരണ സംസ്കരണ പാർക്ക് സ്ഥാപിച്ചത്. കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട കരാർ കമ്പനിയാണ് നിർമാണം നടത്തിയ തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഉദ്ഘാടനത്തിന് ശേഷം ഒരു തവണ പോലും കെട്ടിടം തുറക്കാനോ പ്രവർത്തനം ആരംഭിക്കാനോ സാധിച്ചിട്ടില്ല. അത്യാധുനിക രീതിയിൽ ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നോ തേനും പഴവും എങ്ങനെ പ്രോസസ്സ് ചെയ്യണമെന്നോ വ്യക്തമായ ധാരണയോ അറിവോ ഇല്ലാതെയാണ് പദ്ധതി കൊണ്ടുവന്നതെന്നാണ് ആക്ഷേപം. ഈ മണ്ഡലത്തിൽ നിന്നോ പുറത്തുനിന്നോ ലഭ്യമാകുന്ന മുഴുവൻ അസംസ്കൃത വസ്തുക്കളും മൂല്യവർധിത ഉൽപ്പാദനത്തിനായി എത്തിച്ചാലും നിലവിലുള്ള മെഷിനറി സംവിധാനങ്ങൾ അതിന് അനുയോജ്യമല്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ കോടികൾ വിലമതിക്കുന്ന യന്ത്രങ്ങളും കെട്ടിടങ്ങളും യാതൊരു സംരക്ഷണവുമില്ലാതെ നശിക്കുകയാണ്. ഇതോടെ പാർക്കും പരിസരവും തെരുവുപട്ടികളുടെയും പാമ്പുകളുടെയും കേന്ദ്രമായി മാറി. രാത്രികാലങ്ങളിൽ ഇരുട്ടുവീഴുന്നതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ഈ പ്രദേശത്തുകൂടി സഞ്ചരിക്കാൻ നാട്ടുകാർ ഭയപ്പെടുകയാണ്. സമീപത്തെ സ്കൂൾ കുട്ടികൾക്കും കളിക്കാനിറങ്ങുന്ന കുട്ടികൾക്കും തെരുവുപട്ടികളുടെ ശല്യം വലിയ ഭീഷണിയാകുന്നുമുണ്ട്.
പ്രദേശവാസികളായ നിരവധി ചെറുപ്പക്കാർക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അത് യാഥാർഥ്യമായില്ല. പദ്ധതി മറ്റ് രീതികളിൽ ഉപയോഗപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കിയിരുന്നെങ്കിലും അവയൊന്നും സർക്കാരിലേക്ക് എത്തിച്ച് നടപടിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇത്രയും ഭീമമായ തുക ചെലവഴിച്ച നിർമിച്ച കെട്ടിടവും യന്ത്രങ്ങളും പ്രവർത്തനസജ്ജമാക്കണമെന്നോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നോ ഉള്ള ആവശ്യം ശക്തമാണ്. മാറിമാറി വന്ന സർക്കാരുകളോട് പലതവണ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിൽ പ്രദേശവാസികളും പൊതുപ്രവർത്തകരും കടുത്ത അമർഷത്തിലാണ്.
Adjust Story Font
16

