Quantcast

‘വിദേശ സർവകലാശാല ഉന്നത വിദ്യാഭ്യാസത്തി​ന്റെ വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല’ മുൻ മന്ത്രി എം.എ ബേബിയുടെ 2010 ലെ നിയമസഭ പ്രസംഗം പുറത്ത്

‘ഇത്‌ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണമല്ല കമ്പോളവല്‍ക്കരണം മാത്രമാണ്‌. കേരള ജനത ഇതിനോട് ശക്തമായി പ്രതികരിക്കണം’- പ്രൊഫ.സി. രവീന്ദ്രനാഥ്

MediaOne Logo

Web Desk

  • Published:

    6 Feb 2024 1:04 PM GMT

‘വിദേശ സർവകലാശാല ഉന്നത വിദ്യാഭ്യാസത്തി​ന്റെ  വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല’ മുൻ മന്ത്രി എം.എ ബേബിയുടെ 2010 ലെ നിയമസഭ പ്രസംഗം പുറത്ത്
X

തിരുവനന്തപുരം: വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് എത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം യുവജന- വിദ്യാർഥി സംഘടനകൾക്കുള്ളിൽ വൻ വിവാദമാകുമ്പോൾ,ചർച്ചയാകുന്നത് വി.എസ് അച്യൂതാനന്ദൻ സർക്കാറിന്റെ നിലപാടുകളാണ്. കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ പരാമർശങ്ങൾക്ക് പൂർണമായും എതിരാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ എം.എ ബേബി ശ്രദ്ധക്ഷണിക്കൽ വേളയിൽ നൽകിയ മറുപടി.

വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നത് ഇന്ത്യൻ സർവ്വകലാശാലകളുടേയും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തി​ന്റെയും വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല. കേന്ദ്ര ഗവൺമെന്റിനോട് സംസ്ഥാന ഗവൺമെന്റിന്റെ ഇക്കാര്യത്തിലുള്ള വ്യത്യസ്ത അഭിപ്രായം നാം അറിയിച്ചിട്ടുണ്ട് എന്നായിരുന്നു അന്ന് ഇടതുമുന്നണി സർക്കാറിന്റെ നിലപാടായി എം.എ ബേബി നിയമസഭയിൽ വ്യക്തമാക്കിയത്.

2010 മെയ് ആദ്യം നടന്ന നിയമസഭാ സമ്മേളനത്തിലാണ് ​നിയമസഭയിൽ സി.പി.എം മന്ത്രി നിലപാട് വ്യക്തമാക്കിയത്. പിന്നീട് ഒന്നാം പിണറായി സർക്കാർകാലത്ത് വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ.സി രവീന്ദ്രനാഥ് ആണ് വിദേശ സർവകലാശാലകളെ രാജ്യ​ത്തേക്ക് ക്ഷണിച്ചുകൊണ്ടുവരുന്ന അന്നത്തെ മൻമോഹൻ സിങ് സർക്കാറിന്റെ നിലപാടിൽ ആശങ്കയുന്നയിച്ചത്. പ്രൊഫ.സി രവീന്ദ്രനാഥ് ത​െന്റ ശ്രദ്ധക്ഷണിക്കൽ പ്രസംഗത്തിൽ വിദ്യാഭ്യാസ മേഖലയിൽ വിദേശ, സ്വ​കാര്യമേഖലകൾക്ക് വാതിലുകൾ തുറന്നുകൊടുക്കന്നതിന്റെ ആശങ്കയും അപകടവും പങ്കുവെച്ചിരുന്നു.

‘‘നമ്മുടെ രാജ്യം മുഴുവന്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിത്, വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയിലേക്ക്‌ കടത്തിക്കൊണ്ട്‌ വരുവാനുള്ള കേന്ദ്ര തീരുമാനം

ദൂരവ്യാപകമായ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വിദേശ സര്‍വ്വകലാശാല നിയന്ത്രണ ബില്ല്‌ ഇന്ത്യയുടെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലകളോടുള്ള വെല്ലുവിളിയാണ്‌.

ഇന്ത്യയുടെ തനതായ സര്‍വ്വകലാശാലകള്‍ രാജ്യമെമ്പാടും വളരുകയാണ്‌ വേണ്ടത്‌. ഒരു ജനതയുടെ നൈസര്‍ഗ്ഗികമായ വികാസത്തിന്‌ തടസമായി വന്നത്‌ കൊളോണിയല്‍ വിദ്യാഭ്യാസമാണ്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കൊളോണിയല്‍ ഹാങ്ഓവറിനെ തുത്തെറിഞ്ഞുകൊണ്ട്‌ ജനതയുടേയും മണ്ണിന്റെയും തനിമയെ വികസിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതികളാണ്‌ വേണ്ടത്‌.

അര്‍ത്ഥപൂര്‍ണ്ണമായ വിദ്യാഭ്യാസം ഇങ്ങനെയാണ്‌ ചിട്ടപ്പെടുത്തേണ്ടത്‌. തനത്‌ നയത്തിന്റെ കടകവിരുദ്ധമായ സമീപനമാണ്‌ വിദേശ സര്‍വ്വകലാശാലകളുടെ വരവ്‌.

മാത്രമല്ല ഇന്ത്യന്‍ സര്‍വ്വകലാശാലകളിലേക്ക്‌ വിദേശ വൈസ് ചാന്‍സ് ലര്‍മാരെ കൊണ്ടുവരാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു. വിചിത്രമെന്നോ,അവിശ്വസനീയമെന്നോ എന്നെ ഇതിനെ പറയാന്‍ കഴിയുള്ളൂ.രാജ്യത്തിന്റെ സാധ്യതയും ബൌദ്ധികമികവിനേയും അറിയാത്തതാണോ ഈ തെറ്റായ നീക്കത്തിന്‌ കാരണമെന്ന്‌ തോന്നുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസ ചരിത്ര-സാംസ്ക്കാമിക വിദഗ്ദ്ധരെയല്ല ചുമതലപ്പെടുത്തിയത്‌ ; അംബാനിയേയും ബിർളയേയുമാണ്‌. അത്‌ ആഗോളവല്‍ക്കരണത്തിന്റേയും കമ്പോളവല്‍ക്കരണത്തിന്റേയും സിദ്ധാന്തങ്ങളുടെ ശുദ്ധ തെളിവാണ്‌. ഇത്‌ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണമല്ല കമ്പോളവല്‍ക്കരണം മാത്രമാണ്‌. കേരള ജനത ഇതിനോട് ശക്തമായി പ്രതികരിക്കണമെന്ന്‌ ആവശ്യപ്പെടുന്നു എന്നതായിരുന്നു നീണ്ട രവീന്ദ്രനാഥിന്റെ പ്രസംഗത്തിലെ പ്രധാന പോയന്റുകൾ എന്ന് നിയമസഭാ രേഖകൾ വ്യക്തമാക്ക​ുന്നു.

അ​ന്ന​െത്തെ വിദ്യാഭ്യാസ സാംസ്കാരികവകുപ്പ് മന്ത്രിയായ എം.എ ബേബി നൽകുന്ന മറുപടിയിലും ക്രേന്ദനിലപാടിനെ രൂക്ഷമായി വിമർശിക്കുകയും വിദേശ സർവകലാശാല കടന്നുവരുന്നതിനെ എതിർക്കുകയും ചെയ്യുന്നുണ്ട്.

‘‘വിദ്യാഭ്യാസപരമായ അടിസ്ഥാന കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടാത്ത നിലപാടാണ് വിദേശ സർവ്വകലാശാലക​ളെ ഇന്ത്യയിലേക്ക് കൊണ്ട​ുവരുന്നത്.ഓരോ രാജ്യവും പ്രസ്തുത രാജ്യത്തിന്റെ ഭരണഘടനാബാധ്യത നിറവേറ്റാൻ പ്രാപ്തരായ വ്യക്തികളെ സജ്ജമാക്കാൻ വേണ്ടിയാണ് ആ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നൽകുന്നത്. അത് പൊതുവിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും. മാനവരാശി വികസിപ്പിക്കുന്ന അറിവ് സാർവ്വജനീനമാണ് എന്നതിൽ യാതൊരു സംശയവുമില്ല. മാനവരാശിക്ക് എല്ലാം അതിൽ അവകാശമുണ്ട്. എന്നാൽ വിപണി അധിഷ്ഠിതമായ വികസന കാഴ്ചപ്പാട് വിദ്യാഭ്യാസത്തെയും ചരക്കായി വീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ അറിവിന്റെ സാർവ്വജനീന സ്വഭാവത്തെ ഈ കാഴ്ചപ്പാട് അംഗീകരിക്കില്ല. അറിവിന്റെ നിഗൂഢവൽക്കരണമാണ് വിപണി അധിഷ്ഠിത കാഴ്ചപ്പാടിന്റെ മുഖമുദ്ര. ഇതിൽ നിന്ന് തികച്ചും ഭിന്നമാണ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ കാഴ്ചപ്പാട്, അറിവിന്റെ ജനാധിപത്യവൽക്കരണമാണ് ഈ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു. മാനവരാശി വികസിപ്പിക്കുന്ന ഏതൊരറിവും എല്ലാവർക്കും പ്രാപ്യമാകണം എന്നതാണ് ഈ കാഴ്ചപ്പാട് ആവശ്യപ്പെടുന്നത്. നമ്മുടെ ഭരണഘടനയ്ക്കു​ള്ളിൽ നിന്നുകൊണ്ട് നമ്മുടെ സാംസ്കാരിക പശ്ചാത്തലം ഉൾക്കൊണ്ടു കൊണ്ട് അറിവിന്റെ ഔന്നിത്യത്തിലേക്ക് വളരാനും വികസിക്കാനും അർഹരായവർക്കെല്ലാം സാധിക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെ സാംസ്ക്കാരിക പശ്ചാത്തലം ലയിച്ചു ചേർന്ന വിദ്യാഭ്യാസം ഉറപ്പാക്കുവാൻ ഇന്ത്യൻ സർവ്വകലാശാലകൾക്കാണ് കൂടുതൽ സാധിക്കുക.വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നത് ഇന്ത്യൻ സർവ്വകലാശാലകളുടേയും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തി​ന്റെയും വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല. കേന്ദ്ര ഗവൺമെന്റിനോട് സംസ്ഥാന ഗവൺമെന്റിന്റെ ഇക്കാര്യത്തിലുള്ള വ്യത്യസ്ത അഭിപ്രായം നാം അറിയിച്ചിട്ടുണ്ട്’’ എന്നും എം.എ ബേബി അന്ന് വിശദീകരിക്കുന്നുണ്ട്.

സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും അവയ്ക്ക് മേൽ സർക്കാർ നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി.


TAGS :

Next Story