നവജാതശിശുക്കളുടെ കൊലപാതകം: അനീഷ ഗര്‍ഭം മറച്ചത് അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, അയല്‍വാസികള്‍ക്കെതിരെ പൊലീസിലും പരാതി നല്‍കി
മൃതദേഹം സംസ്കരിച്ച സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്

തൃശൂർ: പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ മൃതദേഹം സംസ്കരിച്ച സ്ഥലങ്ങൾ കുഴിച്ചു പരിശോധിക്കാൻ പൊലീസ്. ഗർഭത്തെ ചൊല്ലി അയൽവാസികളുമായടക്കം തർക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു.
അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികൾ സംശയിച്ചിരുന്നു.എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു.ആദ്യ ഗര്‍ഭകാലത്താണ് ഈ സംഭവം നടന്നത്. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി.ഗര്‍ഭകാലത്ത് അനിഷ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചത്. ഹോർമോൺ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.
മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ആദ്യ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 6നാണ്. കൊല നടത്തി അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയിരുന്നു. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭവിന് കൈമാറുകയായിരുന്നു. രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ആഗസ്റ്റ് 29 നാണ്. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം ആഗസ്റ്റ് 30 ന് അനീഷ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിന്റെ വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദേഹം പുറത്തെടുത്തത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്.കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിന്‍ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്.
കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭവിന്റെ ആമ്പല്ലൂരിലെ വീട്ടിലും അനിഷയുടെ വീട്ടിലും ഫോറൻസിക് സംഘം പരിശോധന നടത്തും. മൃതദേഹം കുഴിച്ചിട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികളുടെ സാമ്പിളുകൾ ഇന്ന് അയക്കും. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെയും വീടുകളിൽ തെളിവെടുപ്പ് പൂർത്തിയായത്.
Adjust Story Font
16

