കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവത്തിൽ ആറ് പേരെ പ്രതിചേർത്ത് വനം വകുപ്പ് റിപ്പോർട്ട്
ക്ഷേത്രഭാരവാഹികൾ, ആനപാപ്പാൻമാർ ഉൾപ്പെടെ ആറു പേരെ പ്രതി ചേർത്താണ് റിപ്പോർട്ട്
കോഴിക്കോട്:കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ആറ് പേരെ പ്രതിചേർത്ത് വനം വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകി. ആന പാപ്പാന്മാർ ഉൾപ്പെടെ ആറുപേരെയാണ് പ്രതിചേർത്തത്. അതേസമയം, ഗുരുവായൂർ ദേവസ്വത്തിൻറെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയിലെ എഴുന്നെള്ളിപ്പിൽ സ്ഥിരമായി നിരോധനമേർപ്പെടുത്തി.
ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച കേസിൽ മണക്കുളങ്ങര ക്ഷേത്രം പ്രസിഡൻറ്, സെക്രട്ടറി എഴുന്നെള്ളിപ്പിനെത്തിച്ച ആനയുടെ പാപ്പാൻമാർ ഉൾപ്പെടെ ആറ് പേരെയാണ് വനം വകുപ്പ് പ്രതിചേർത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവുമാണ് ഇവർക്കെതിരെ കേസ്. അശ്രദ്ധമായി പടക്കം പൊട്ടിച്ചു, ആനകൾക്ക് ഇടചങ്ങല ഇട്ടിരുന്നില്ല എന്ന കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. തുടർച്ചയായ വെട്ടിക്കെട്ടിൽ പ്രകോപിതനായി ഗുരുവായൂർ പീതാംബരൻ ഗുരുവായൂർ ഗോകുലിനെ കുത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വനം വകുപ്പിൻറെ കണ്ടെത്തൽ. ഇതേ തുടർന്ന് ക്ഷേത്രത്തിൻറെ എഴുന്നെള്ളിപ്പ് ലൈസൻസും റദ്ദാക്കി. ഇതിനൊപ്പം ഗുരുവായൂർ ദേവസ്വത്തിൻറെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയിൽ നിരോധനമേർപ്പെടുത്തി. ജില്ല മോണിറ്ററിംഗ് കമ്മിറ്റിയാണ് രണ്ട് ആനകളെയും ജില്ലയിലെ എഴുന്നെള്ലിപ്പിൽ നിന്ന് സ്ഥിരമായി വിലക്കിയത്. സംഭവത്തിൽ വിശദമായ പരിശോധന വനം വകുപ്പും റവന്യു വകുപ്പും നടത്തുകയാണ്.
Adjust Story Font
16

