Quantcast

ഹർത്താൽ നടത്തിയത് പി.എഫ്.ഐ, ജപ്തി ചെയ്തത് കാന്തപുരം വിഭാഗം നേതാവിന്റെ വീട്‌

മലപ്പുറം, വയനാട് ജില്ലകളിലെ മുസ്‌ലിം ജമാഅത്ത് പ്രവർത്തകർക്കാണ് വീടും സ്വത്തും ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2023-01-24 10:15:44.0

Published:

23 Jan 2023 7:14 AM GMT

PFI Harthal
X

കാന്തപുരം വിഭാഗം നേതാവിന്റെ വീട് ജപ്തി

വയനാട്: പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർക്കും ജപ്തി നോട്ടീസ്. മുസ്‌ലിം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് യു.പി അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്യാൻ കഴിഞ്ഞ ദിവസം റവന്യൂ അധികൃതരെത്തിയത്. പി.എഫ്.ഐയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുറഹ്മാൻ മുസ്‌ലിയാരെന്ന് മുസ്‌ലിം ജമാഅത്ത് നേതാക്കൾ പറഞ്ഞു.

അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ പേരിൽ ഇതുവരെ ഒരു ക്രിമിനൽ കേസില്ല, ഒരു പെറ്റി കേസിൽ പോലും ഇതുവരെ പ്രതിയായിട്ടുമില്ല. നാട്ടിൽ ആരുമായും ഒരു സംഘർഷത്തിലും ഏർപ്പെടാത്ത വ്യക്തിയാണ്. ഇങ്ങനെയുള്ള ഒരാൾക്കെതിരെ റവന്യൂ അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം പ്രതികരിച്ചു. ജപ്തി നീക്കങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം കലക്ടർക്ക് പരാതി നൽകി.

മലപ്പുറം ജില്ലയിലും മുസ്‌ലിം ജമാഅത്ത് പ്രവർത്തകന്റെ വീടും ജപ്തി ചെയ്തിട്ടുണ്ട്. മുസ്‌ലിം ജമാഅത്ത് സി.കെ നഗർ യൂണിറ്റ് പ്രവർത്തകനായ പള്ളിയാളി മൊയ്തീൻ കുട്ടിയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. നിരപരാധിയായ വ്യക്തിക്കെതിരായ ജപ്തി നടപടിയിലൂടെ പൊലീസ് നിയമവ്യവസ്ഥയെ പരിഹാസ്യമാക്കുകയാണെന്ന് മുസ്‌ലിം ജമാഅത്ത് നേതാക്കൾ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജപ്തി നിർത്തിവെക്കണമെന്നും മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.

TAGS :

Next Story