'തൃശൂരില്‍ വ്യാജവോട്ട് ചേർത്തെങ്കിൽ ഉത്തരവാദിത്തം വീട്ടുടമസ്ഥന്'; ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ്
തൃശൂരിലെ ബിജെപി വിജയത്തിന്റെ പ്രഭ കെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ.കെ അനീഷ് കുമാര്‍ മീഡിയവണിനോട്

തൃശൂര്‍ :തൃശൂരിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന് ബിജെപി. വോട്ടർപട്ടികയിൽ ഉള്ളവർ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വോട്ട് ചെയ്യാത്തതെന്നുംചെയ്യാത്ത വോട്ടിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ബിജെപി തൃശൂര്‍ മുൻ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാർ മീഡിയവണിനോട് പറഞ്ഞു.
സ്വന്തം വീട്ടിൽ ആരെങ്കിലും വ്യാജ വോട്ട് ചേർത്തിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിത്തം വീട്ടുടമസ്ഥനാണ്.അല്ലാതെ ബിജെപിയല്ല മറുപടി പറയേണ്ടതെന്നും അനീഷ് കുമാര്‍ പറഞ്ഞു.
'തൃശൂരിൽ സ്ഥിരതാമസമാക്കിയ നിരവധി പേർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഇങ്ങോട്ട് മാറ്റിയിട്ടുണ്ടാകും.അതിനെ തെറ്റ് പറയാൻ സാധിക്കില്ല.രണ്ട് സ്ഥലത്തും വോട്ട് ചെയ്താൽ മാത്രമേ കള്ളവോട്ട് എന്ന് പറയാനാകൂ.കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മാണ്. ബിജെപിക്ക് ആ ശീലമില്ല. തൃശൂരിലെ ബിജെപി വിജയത്തിന്റെ പ്രഭ കെടുത്താനും കൃത്രിമമായി വോട്ട് ചേർത്തെന്ന് വരുത്തിത്തീർക്കണം.ഇതിന്‍റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. വ്യാജ വോട്ട് ചേര്‍ത്തെങ്കില്‍ ഫ്ളാറ്റ് ഉടമ മറുപടി പറയണം'.. അനീഷ് കുമാർ പറഞ്ഞു.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ മീഡിയവണ്‍ പുറത്ത് കൊണ്ടുവന്നിരുന്നു. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് 9 വോട്ടുകളാണ്. സജിത് ബാബു പി,സുഗേഷ്,സൽജ.കെ,അജയകുമാർ.എസ്,സുധീർ,മനീഷ് എം.എസ്,മുഖാമിയമ്മ, സന്തോഷ് കുമാർ.എസ്, ഹരിദാസൻ എന്നീ പേരുകളിലുള്ള വോട്ടുകൾ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിൽ താമസിക്കുന്ന പ്രസന്ന അശോകൻ പറഞ്ഞു. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും പ്രസന്ന പറഞ്ഞു. കള്ളവോട്ട് ചേർത്തതിൽ നേരത്തെ പരാതി നൽകിയതാണെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും കോൺഗ്രസ് അറിയിച്ചു.
Adjust Story Font
16

