Quantcast

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-01 15:31:57.0

Published:

1 Oct 2022 3:18 PM GMT

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
X

ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

2015ൽ പിണറായി വിജയനിൽനിന്നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ലെ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുതവണ തലശ്ശേരിയിൽനിന്ന് നിയമസഭയിലുമെത്തി. 2006ൽ അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. 2011ൽ 13-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവുമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്.

കെ.എസ്.എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടക്കം

കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് കോടിയേരിയുടെ ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക്ൾ സ്‌കൂൾ, കോടിയേരി ഒണിയൻ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജിൽനിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന് ബിരുദവും സ്വന്തമാക്കി.

സ്‌കൂൾ പഠനകാലത്തുതന്നെ രാഷ്ട്രീയരംഗത്ത് സജീവമായി. ഒണിയൻ ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ എസ്.എഫ്.ഐ.യുടെ മുൻരൂപമായ കെ.എസ്.എഫിന് യൂനിറ്റ് ആരംഭിച്ചു. കെ.എസ്.എഫിലൂടെ സംസ്ഥാനതലത്തിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി. 1970ൽ തിരുവനന്തപുരത്ത് നടന്ന എസ്.എഫ്.ഐ രൂപീകരണസമ്മേളനത്തിൽ പങ്കെടുത്തു.

സി.പി.എം രാഷ്ട്രീയത്തിൽ

1973ൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേവർഷം തന്നെ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായും നിയമിതനായി. 1979 വരെ ആ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു.

1988ൽ നടന്ന സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990ൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. അഞ്ച് വർഷക്കാലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1995ൽ നടന്ന കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002ൽ ഹൈദരാബാദിൽ നടന്ന സി.പി.എം) പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലുമെത്തി. 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോ അംഗമായി.

2015 ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന 21-ാം സംസ്ഥാന സമ്മേളനത്തിൽ പിണറായിയുടെ പിൻഗാമിയായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ കണ്ണൂരിൽ നടന്ന 22-ാം സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇടയ്ക്ക് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് പകരക്കാരനായി എ. വിജയരാഘവനായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്. ചികിത്സ കഴിഞ്ഞ് ഇടവേളയ്ക്കുശേഷം സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും സംസ്ഥാന സെക്രട്ടറി ചുമതലയിൽ തുടർന്നു. എന്നാൽ, ആരോഗ്യനില മൂർച്ഛിച്ചതോടെ കഴിഞ്ഞ ആഗസ്റ്റ് 28ന് സെക്രട്ടറി സ്ഥാനമൊഴിയുകയായിരുന്നു.

സി.പി.എം നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്.ആർ വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് മക്കളാണ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ. പേരമക്കൾ: ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.



Summary: Former CPM Kerala state secretary and Former home minister Kodiyeri Balakrishnan passes away

TAGS :

Next Story