Quantcast

'ആഷിഖ് പറഞ്ഞതിനോട് യോജിക്കുന്നു, ഗ്രൗണ്ടുണ്ടെങ്കിലേ താരങ്ങളുള്ളൂ'; പിന്തുണയുമായി ഐഎം വിജയൻ, എതിർത്ത് യു ഷറഫലി

രണ്ട് മൂന്നു വർഷത്തിനിടയിൽ ആയിരം കോടി രൂപ ഗ്രൗണ്ട് വികസനത്തിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് യു ഷറഫലി

MediaOne Logo

Sports Desk

  • Published:

    6 July 2023 1:05 PM GMT

Former Indian footballer IM Vijayan supports Ashiq Kuruniyans remarks about Kerala ground.
X

കോഴിക്കോട്: അർജന്റീനയെ കളിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചതിനെതിരെയുള്ള ഇന്ത്യൻ താരം ആഷിഖ് കുരുണിയന്റെ അഭിപ്രായത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരമായ ഐഎം വിജയൻ. ആഷിഖ് പറഞ്ഞതിനോട് യോജിക്കുന്നുവെന്നും ഗ്രൗണ്ടുണ്ടെങ്കിലേ ഇന്ത്യയിൽ താരങ്ങളുണ്ടാകൂവെന്നും ഐഎം വിജയൻ മീഡിയവണിനോട് പറഞ്ഞു. ഇത്ര പണം മുടക്കി കളി സംഘടിപ്പിച്ചിട്ട് ലയണൽ മെസി വന്നില്ലെങ്കിൽ എന്തു ചെയ്യുമെന്നും അവർ വന്നാൽ കളി കാണാമെന്ന കാര്യം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മെസിയെ കാണാമെന്ന ഗുണമേയുള്ളൂവെന്നും താൻ കുറ്റം പറയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കേരളത്തിലെയും ഇന്ത്യയിലെയും താഴെക്കിടയിലുള്ള താരങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും ആഷിഖ് പറഞ്ഞത് പോയിൻറാണെന്നും വ്യക്തമാക്കി.

അതേസമയം, ജില്ലാ ആസ്ഥാനങ്ങളിൽ ഗ്രൗണ്ടുകളുണ്ടെന്നും രണ്ട് മൂന്നു വർഷത്തിനിടയിൽ ആയിരം കോടി രൂപ ഗ്രൗണ്ട് വികസനത്തിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് യു ഷറഫലി അവകാശപ്പെട്ടു. മലപ്പുറത്ത് പരിശീലനത്തിന് പറ്റിയ സ്‌റ്റേഡിയമില്ലെന്ന് പറയുന്നതിൽ യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ നിലമ്പൂരിൽ മൈതാനം നിർമിച്ചിട്ടുണ്ടെന്നും തിരൂരിലും കാലിക്കറ്റ് സർവകലാശാലയിലും മൈതാനങ്ങളുണ്ടെന്നും വ്യക്തമാക്കി. മെസിയെ കൊണ്ടുവരുന്നതും അടിസ്ഥാന സൗകര്യമൊരുക്കുന്നതും രണ്ടായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെസിയെ പോലെയുള്ള താരങ്ങളെ കേരളത്തിൽ എത്തിക്കുന്നത് ഫുട്‌ബോളിന്റെ ജനകീയത വർധിപ്പിക്കാനാണെന്നും പറഞ്ഞു.

മലപ്പുറം കോട്ടപ്പടി ഗ്രൗണ്ട് വാടകയ്‌ക്കെടുത്താൽ ബാത്ത് റൂമോ ഡ്രസ്സിംഗ് റൂമോ തുറന്നുതരാറില്ലെന്നും നിങ്ങൾക്ക് കളിക്കാൻ ഗ്രൗണ്ട് മാത്രം പോരെയെന്നാണ് അധികൃതർ ചോദിക്കാറുള്ളതെന്നും അവരോട് എന്ത് പ്രൊഫഷണലിസം പറയാനാണെന്നും ഫുട്‌ബോൾ പരിശീലകനായ ഷാജിറുദ്ദീൻ ചോദിച്ചു.

സംസ്ഥാന താരങ്ങൾക്കും ഇന്ത്യൻ താരങ്ങൾക്കും സർക്കാർ ഗ്രൗണ്ടുകളിൽ ആരുടെയും അനുമതിയില്ലാതെ പരിശീലിക്കാൻ സൗകര്യമൊരുക്കണമെന്ന് മുൻ ഇന്ത്യൻ താരമായ ബിനീഷ് കിരൺ പറഞ്ഞു.

ആഷിഖ് പറഞ്ഞത് സത്യമാണെന്നും പഞ്ചായത്തുകൾ തോറും ഗ്രൗണ്ടുകൾ നിർമിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം എബിൻ റോസ് വിമർശിച്ചു.

അതിനിടെ, ആഷിഖിന്റെ അഭിപ്രായ പ്രകടനത്തെ പിന്തുണച്ച് ദേശീയ ടീമിന്റെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് രംഗത്തെത്തി. അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിനു പകരം നാട്ടിലെ താരങ്ങൾക്കു വേണ്ടി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്നാണ് ആഷിഖ് 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടത്.

നന്നായിരിക്കുന്നു, മകനേ! ഇങ്ങനെ വേണം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കാൻ. അല്ലാതെ വലിയ ഫുട്ബോൾ രാജ്യങ്ങൾക്ക് ഇവിടെവന്ന് 90 മിനിറ്റ് കളിക്കളത്തിൽ തകർത്താടാൻ പണം ചെലവാക്കുകയല്ല വേണ്ടത്. അവർക്കെതിരെ വമ്പൻ ടൂർണമെന്റുകളിൽ കളിക്കാനുള്ള സമയം അധികം വൈകാതെ നമുക്കു വരും-സ്റ്റിമാച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം പരിശീലന ഗ്രൗണ്ടുകൾ തയാറാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ആഷിഖ് മീഡിയവൺ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്നും താരം ചൂണ്ടിക്കാട്ടി.

'ഇവിടെ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്തുണ്ട്. അണ്ടർ 19ൽ ഉൾപ്പെടെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിൽ, അതും വാടകയ്ക്കെടുത്താണ് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവുമില്ല'-ആഷിഖ് അഭിമുഖത്തിൽ പറഞ്ഞു.

മലപ്പുറത്ത് ആകെ രണ്ട് സ്റ്റേഡിയങ്ങളാണുള്ളത്; മഞ്ചേരിയും കോട്ടപ്പടിയും. ഈ രണ്ട് സ്റ്റേഡിയങ്ങളും ടൂർണമെന്റിനല്ലാതെ തുറക്കില്ല. ഏത് സർക്കാരാണെങ്കിലും കാലങ്ങളായി ഇങ്ങനെയാണ്. ഫുട്ബോളിനെ വളർത്താൻ ശരിക്കും ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആദ്യം കളിക്കാർക്ക് വളർന്നുവരാനുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇഗോർ സ്റ്റിമാച്ച് പരിശീലകനായി വന്ന സമയത്ത് ഓഫ്സീസണിൽ നാട്ടിൽപോയി പരിശീലിക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്ലാത്തതിനാൽ എനിക്കതിന് കഴിഞ്ഞില്ല-ആഷിഖ് വെളിപ്പെടുത്തി.

മലപ്പുറത്തെ മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും അവസ്ഥ ഇതാണെന്നും താരം ചൂണ്ടിക്കാട്ടി. പ്രാക്ടീസ് ചെയ്യാൻ പാകത്തിൽ നിലവാരമുള്ള ഒരു ഗ്രൗണ്ടും എവിടെയുമില്ല. ഒഡീഷയിലായിരുന്നു ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റ് നടന്നത്. അവിടുത്തെ പരിശീലനകേന്ദ്രങ്ങളൊക്കെ യൂറോപ്പ് മാതൃകയിലാണ്. ഒരു കോംപൗണ്ടിനുള്ളിൽ തന്നെ മൂന്നിലധികം ക്വാളിറ്റിയുള്ള മൈതാനങ്ങളുണ്ട്. അവിയൊന്നും ഒരൊറ്റ ഐ.എസ്.എൽ കളിക്കാർ പോലുമില്ലെന്ന് ഓർക്കണം.

കേരളത്തിൽനിന്ന് എത്ര കളിക്കാർ ദേശീയ ടീമിലും ഐ.എസ്.എല്ലിലും കളിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അത്തരത്തിലുള്ളൊരു സൗകര്യവുമില്ലെന്നും ആഷിഖ് കൂട്ടിച്ചേർത്തു.

Former Indian footballer IM Vijayan supports Ashiq Kuruniyan's remarks about Kerala ground.

TAGS :

Next Story