വര്‍ഗീയ പരാമര്‍ശം; എസ്എന്‍ഡിപി നേതാവ് പി.എസ് ജയരാജനെതിരെ പരാതി നല്‍കി മുന്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫ്
ജയരാജന്റെ പ്രസ്താവന പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് സി.എ റൗഫ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു

- Published:
10 Jan 2026 11:25 PM IST

എസ്എന്‍ഡിപി നേതാവ് പി.എസ് ജയരാജ്
കോഴിക്കോട്: വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ എസ്എന്‍ഡിപി നേതാവ് പി.എസ് ജയരാജനെതിരെ ഡിജിപിക്ക് പരാതി നല്‍കി മുന്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫ് .
കഴിഞ്ഞ ദിവസം റിപോര്‍ട്ടര്‍ ടിവി ചാനലിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സി.എ റഊഫിനെതിരെ പി.എസ് ജയരാജന്‍ നടത്തിയ പ്രസ്താവനയിലാണ് പരാതി.
''റഊഫ് എന്നയാള്‍ ഇവിടെ മുഴുവന്‍ ജിഹാദിവല്‍ക്കരണം നടത്തി കേരളത്തെ ഞങ്ങളുടെ രാജ്യമാക്കുമെന്ന് പറഞ്ഞുനടന്നു. ഇപ്പോള്‍ അയാള്‍ തിഹാര്‍ ജയിലിലാണ്''-എന്നായിരുന്നു പി.എസ് ജയരാജന്റെ പ്രസ്താവന.
ഈ പ്രസ്താവന പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും അത്യന്തം അപകടകരവുമാണെന്ന് സി.എ റൗഫ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
''ഞാന്‍ ജിഹാദിവല്‍ക്കരണം നടത്തുകയോ കേരളത്തെ ഞങ്ങളുടെ രാജ്യമാക്കും എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ ഒരിക്കലും തീഹാര്‍ ജയിലില്‍ തടവിലായിട്ടുമില്ല. എന്റെ പേര് ഉന്നയിച്ച് പി.എസ് ജയരാജന്‍ എനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും അസത്യമാണ്.
എന്നെ വ്യക്തിപരമായി അവഹേളിക്കാനും സമൂഹത്തില്‍ വെറുപ്പും ഭീതിയും സൃഷ്ടിക്കാനും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പ്രസ്തുത പ്രസ്താവന. പൊതുസമൂഹത്തിനിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഉദ്ദേശപൂര്‍വ്വമായ നടപടിയായാണ് ഇത് വിലയിരുത്തേണ്ടത്. ഈ പരാമര്‍ശം എന്റെ പൊതുപ്രതിച്ഛായക്കും വ്യക്തിത്വത്തിനും ഗുരുതരമായ കോട്ടം വരുത്തുന്നതോടൊപ്പം, എന്റെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കാനും ഇടയാക്കുന്നതാണ്''- പരാതിയില്‍ പറയുന്നു.
ഭാരതീയ ശിക്ഷാ നിയമത്തിലെ വകുപ്പ് 196 (മതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തുകയും സമൂഹ ഐക്യത്തിന് ഹാനികരമായ പ്രവൃത്തികള്‍ നടത്തുകയും ചെയ്തത്), വകുപ്പ് 197(ദേശീയ ഐക്യത്തിന് ഹാനികരമായ ആരോപണങ്ങളും പ്രസ്താവനകളും നടത്തിയത്), വകുപ്പ് 352(സമാധാനലംഘനം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ മനപൂര്‍വ്വം അപമാനം ചെയ്തത്), വകുപ്പ് 353(പൊതുസമൂഹത്തില്‍ ഭീതി, ആശങ്ക, അശാന്തി എന്നിവ സൃഷ്ടിക്കുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്), വകുപ്പ് 356(ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍.), വകുപ്പ് 351(ക്രിമിനല്‍ ഭീഷണി), എന്നിവ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
Adjust Story Font
16
