Quantcast

'രണ്ടു രൂപ കണ്‍സെഷന്‍ അപമാനം'; മന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്

ബസുടമകളുടെ പ്രതിസന്ധി വിദ്യാർഥികളുടെ തലയിൽ കെട്ടിവക്കാനാണ് സർക്കാരിൻ്റെ തീരുമാനം എങ്കിൽ അതിനെ തെരുവിൽ ചോദ്യം ചെയ്യാനും സർക്കാരിനെ തിരുത്തിക്കാനും വിദ്യാർഥി സമൂഹത്തിന് അറിയാമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആക്ടിങ് പ്രസിഡന്‍റ് ഷെഫ്രിന്‍ കെ.എം

MediaOne Logo

Web Desk

  • Updated:

    2022-03-13 10:11:03.0

Published:

13 March 2022 9:44 AM GMT

രണ്ടു രൂപ കണ്‍സെഷന്‍ അപമാനം; മന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്
X

വിദ്യാർഥികളുടെ സാമ്പത്തികാവസ്ഥയെയും യാത്രാ അവകാശത്തെയും പരിഹസിച്ചു കൊണ്ട് ഗതാഗത മന്ത്രി ആന്‍റണി രാജു നടത്തിയ പ്രസ്താവന അപഹാസ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആക്ടിങ്ങ് പ്രസിഡന്‍റ് ഷെഫ്രിന്‍ കെ.എം. ബസുടമകളുടെ പ്രതിസന്ധി വിദ്യാർഥികളുടെ തലയിൽ കെട്ടിവക്കാനാണ് സർക്കാരിൻ്റെ തീരുമാനം എങ്കിൽ അതിനെ തെരുവിൽ ചോദ്യം ചെയ്യാനും സർക്കാരിനെ തിരുത്തിക്കാനും വിദ്യാർഥി സമൂഹത്തിന് അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് പറഞ്ഞിരുന്നു.

"വിദ്യാർഥികളുടെ യാത്രാ കൺസെഷൻ നിരക്ക് ചർച്ച ചെയ്യുന്നതിനായി മന്ത്രി ആൻ്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ ഫ്രറ്റേണിറ്റിയുടെ അഭിപ്രായം വളരെ കൃത്യമായി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.അവിടെ അത് തലകുലുക്കി കേട്ട മന്ത്രി ഇന്ന് വിദ്യാർഥികളുടെ സാമ്പത്തിക അവസ്ഥയെയും യാത്രാ അവകാശത്തെയും പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസ്താവന അപഹാസ്യമാണ്. സാധാരണക്കരുടെയും കർഷക തൊഴിലാളികളുടെയും വിയർപ്പ് ഒഴുക്കി അധികാരത്തിൽ വന്നു എന്ന് അവകാശവാദം പറയുന്ന ഒരു സർക്കാരിൻ്റെ ഭാഗമായിട്ടാണ് മന്ത്രി ആൻ്റണി രാജു ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്നത്" -ഷെഫ്രിന്‍ കെ.എം പറഞ്ഞു.

ബസുടമകളുടെ പ്രതിസന്ധി വിദ്യാർഥികളുടെ തലയിൽ കെട്ടിവക്കാനാണ് സർക്കാരിൻ്റെ തീരുമാനമെങ്കില്‍ അതിനെ തെരുവിൽ ചോദ്യം ചെയ്യാനും സർക്കാരിനെ തിരുത്തിക്കാനും വിദ്യാർഥി സമൂഹത്തിന് അറിയാം. വിദ്യാർഥികളുടെ യാത്രാ കൺസെഷൻ അവകാശമാണ്. ബസ് മുതലാളിമാരുടേയും ഭരണകൂടത്തിന്‍റേയും ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ബസ് ചാർജ് വർധന ഉണ്ടാകും, എന്നാൽ എന്ന് നടപ്പാക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്തുചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.


TAGS :

Next Story