Quantcast

യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരൻ

പ്രമുഖ വ്യക്തികളെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ തേടുകയാണ് ജി. സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2026-03-16 07:09:26.0

Published:

16 March 2026 11:28 AM IST

യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി  ജി. സുധാകരൻ
X

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി അടുത്ത ഘട്ടത്തിലേക്ക്. യുഡിഎഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ സജീവമായ സുധാകരൻ, പ്രമുഖ വ്യക്തികളെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് പിന്തുണ തേടുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വെള്ളാപ്പള്ളി നടേശൻ, സുധാകരൻ പറഞ്ഞ കാര്യങ്ങൾ താൻ കേട്ടുവെന്ന് വ്യക്തമാക്കി. എന്നാൽ സുധാകരന് യുഡിഎഫ് പിന്തുണ നൽകുന്നതിനെക്കുറിച്ച് തനിക്ക് പ്രത്യേക അഭിപ്രായമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധാകരൻ തന്നോട് വോട്ട് ചോദിക്കുകയോ പിന്തുണ തേടുകയോ ചെയ്തിട്ടില്ലെന്നും, തന്റെ നിലപാടുകൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

താാൻ ഇത്തവണ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സുധാകരൻ ഉറപ്പിച്ചു പറഞ്ഞതായും വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് ഇങ്ങോട്ട് ഉപദേശങ്ങളൊന്നും നൽകേണ്ടതില്ലെന്നും മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും സുധാകരൻ അറിയിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ച സുധാകരൻ തന്റെ വ്യക്തിപരമായ തീരുമാനങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

സിപിഎമ്മുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് സുധാകരന് പിന്തുണ നൽകാൻ തീരുമാനിച്ചത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പാക്കാനാണ് സുധാകരന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യുഡിഎഫ് ക്യാമ്പിന്റെയും നീക്കം.

TAGS :

Next Story