'സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ കർണാടക ആർടിസി നഷ്ടത്തിൽ'; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനെതിരെ ഗണേഷ്‌കുമാർ
വി.ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപനങ്ങൾ നടത്തിയത്

- Published:
8 March 2026 5:28 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ. ദൈനംദിനമുള്ള കാര്യങ്ങൾ നടക്കുന്ന രീതിയിലാണ് നിലവിൽ കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. നഷ്ടമുണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രം. വഴിയിൽ കൂടി പോകുന്നവർ എന്തേലും പറയുന്നു എന്ന് മാത്രം.
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ നഷ്ടത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രം. അർഹതപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ ആനുകൂല്യം നൽകുന്നത്. കെഎസ്ആർടിസിയെ ജീവനക്കാർ കഷ്ടപ്പെട്ടാണ് ഉയർത്തിക്കൊണ്ട് വരുന്നത്. വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണമേയെന്ന് പറയുന്നത് പോലെയാണ് യുഡിഎഫ് പ്രഖ്യാപനം. പറയുന്നതിൽ മര്യാദ വേണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
സൗജന്യ യാത്ര എന്നത് വനിതാ ദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാർ. രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനം രണ്ടുമാസം നടപ്പാക്കിയാൽ, കെഎസ്ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല. കെഎസ്ആർടിസിയുമുണ്ടാകില്ല. കെഎസ്ആർടിസിയെ എനിക്കറിയുന്നപോലെ അവർക്കറിയില്ലല്ലോയെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
ഇന്നലെ പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപനങ്ങൾ നടത്തിയത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാ സൗകര്യം വർധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
Adjust Story Font
16
