'കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം'; ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്റ്റൈലിൽ
ഒരുവേള എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബൈക്കിലും മറ്റും പോകുന്ന യാത്രക്കാർ നിൽക്കുന്നതും കാണാം.

- Published:
14 March 2026 2:07 PM IST

കൊല്ലം: നാടിനെയാകെ ഞെട്ടിച്ചായിരുന്നു ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവായ അതുലിന്റെ കൊലപാതകം. സിനിമാ സ്റ്റൈലില്‍ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ചീറിപ്പാഞ്ഞ് പോകുന്ന ദേശീയ പാതയിൽ രണ്ട് കാറുകൾക്ക് പിന്നാലെ ഒരു ഇന്നോവ, അതുൽ സഞ്ചരിച്ച വാഹനത്തെ ഇടിച്ചുവീഴ്ത്തുന്നതോടെയാണ് സിസിടിവി ദൃശ്യങ്ങൾ ആരംഭിക്കുന്നത്.
ദേശീയപാതക്കായി കുഴിച്ച കിടങ്ങിലേക്ക് അതുലിന്റെ വാഹനം വീഴുന്നു. ഉടൻ തന്നെ ഇന്നോവയുടെ നാല് ഡോറുകളും തുറക്കുന്നു. കയ്യിൽ കരുതിയ ആയുധങ്ങളുമേന്തി സംഘം അതുലിന്റെ കാറിന്റെ അടുത്തേക്ക് നീങ്ങുന്നതും വെട്ടിക്കൊല്ലുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരുവേള എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബൈക്കിലും മറ്റും പോകുന്ന യാത്രക്കാർ നിൽക്കുന്നതും കാണാം.
കരുനാഗപ്പള്ളി പുതിയകാവ് നയാര പെട്രോൾ പമ്പിന് സമീപം ദേശീയപാതയിൽ വെച്ചാണ് ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു വീഴ്ത്തുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരായി മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. അതുലിന്റെ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു. ഇയാളുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
2025 മാർച്ചിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാകാം ഇതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട് .പ്രതികൾക്കായി കൊല്ലം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുൽ. 2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെടുന്നത്.
Adjust Story Font
16
