Quantcast

ജെൻഡർ ന്യൂട്രാലിറ്റി പൊളിറ്റിക്‌സ്; ധാർമികതക്കൊപ്പം നിൽക്കുമെന്ന് എം.കെ മുനീര്‍

ലിംഗസമത്വം, ലിംഗനീതി, ലിംഗ അവബോധം എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. ഇതിൽ ഞാൻ ലിംഗ നീതിയുടെ പക്ഷത്താണ്

MediaOne Logo

Web Desk

  • Published:

    24 Aug 2022 6:33 AM GMT

ജെൻഡർ ന്യൂട്രാലിറ്റി പൊളിറ്റിക്‌സ്;  ധാർമികതക്കൊപ്പം നിൽക്കുമെന്ന് എം.കെ മുനീര്‍
X

കോഴിക്കോട്: ജെൻഡർ ന്യൂട്രൽ എന്നതിലൂടെ, വരുംകാലത്ത് കേരളം അഭിമുഖീകരിക്കേണ്ടത് വലിയൊരു പ്രത്യാഘാതത്തെയാണെന്നാണ് മു‍സ്‍ലിം ലീഗ് നേതാവ് ഡോ.എം.കെ മുനീര്‍. ഫ്രീ സെക്‌സ് അടക്കമുള്ള ലിബറലിസ്റ്റ് ആശയങ്ങളിലേക്കാണ് ഇത് കടക്കുക. സമൂഹ ധാർമികതക്കു വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും അതു തുടരുമെന്നും മുനീര്‍ സുപ്രഭാതം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ലിംഗസമത്വം, ലിംഗനീതി, ലിംഗ അവബോധം എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. ഇതിൽ ഞാൻ ലിംഗ നീതിയുടെ പക്ഷത്താണ്. പ്രണയം നഷ്ടപ്പെട്ടാൽ ആണ് വന്നിട്ട് പെണ്ണിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുക. ഇതാണ് ഇപ്പോഴത്തെ സമൂഹം. ഞാൻ സാമൂഹികനീതി വകുപ്പിന്‍റെ ചുമതല വഹിക്കവെ കുടുംബശ്രീ മുഖാന്തിരം ഒരു സർവേ നടത്തി. ഓരോ വീട്ടിലെയും അവസ്ഥയായിരുന്നു സർവേക്ക് ആധാരം. ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വീടുകൾക്കകത്താണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നായിരുന്നു പ്രധാന കണ്ടെത്തൽ. അതുകൊണ്ടുതന്നെ സമൂഹത്തിൽ ആദ്യം വേണ്ടത് ലിംഗ നീതിയാണ്. അതിലേക്ക് പ്രവേശിക്കണമെങ്കിൽ ജെൻഡർ ഡിസ്‌ക്രിമിനേഷൻ മാറണം. ജെൻഡർ സെൻസിറ്റൈസേഷൻ ഉണ്ടാവണം. ഒരു ആൺ പെണ്ണിനോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം തുടങ്ങിയ പൊതുബോധമാണുണ്ടാവേണ്ടത്. ഈ പൊതുബോധമെല്ലാം ഇപ്പോൾ നഷ്ടപ്പെട്ടു. അതു തിരിച്ചുകൊണ്ടുവരാതെ നേരെ ജെൻഡർ ന്യൂട്രാലിറ്റിയിലേക്ക് പോയാൽ എന്തു സംഭവിക്കും? ഈ ചോദ്യമാണ് ഞാൻ ഉയർത്തിയത്. ഇതിനാണ് എനിക്ക് ഉത്തരം കിട്ടേണ്ടത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പ്രത്യേക ക്ലാസിന്‍റെ പുസ്തകവും പാഠ്യപദ്ധതിയിലെ ജെൻഡർ ക്ലബ് രൂപവത്കരിക്കുന്നതടക്കമുള്ള കാര്യങ്ങളും ധാർമികത എന്താണെന്ന് വിശദീകരിക്കണം. ധാർമികതയിലൂന്നിയാണ് ഞാൻ നിലവിലെ വിഷയത്തെ സമീപിച്ചത്. ധാർമികത എന്നാൽ നമ്മൾ സമൂഹത്തിൽ പാലിച്ചിരിക്കേണ്ട ചില മര്യാദകളാണ്. ധാർമികതയുടെ പേരിൽ ചുംബന സമരത്തെ പോലും, അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തള്ളിപ്പറഞ്ഞിട്ടുണ്ട്. പൊതുഇടങ്ങളിലെ ലൈംഗികതയെ അടക്കമാണ് അദ്ദേഹം അന്ന് രൂക്ഷമായി വിമർശിച്ചത്. സമൂഹത്തിനു വേണ്ട കാര്യങ്ങൾ മാറ്റിനിർത്തി വേണ്ടാത്ത കാര്യങ്ങൾ ചർച്ചയ്‌ക്കെടുക്കുന്ന നിലപാടാണ് കാംപസുകളിൽ എസ്.എഫ്.ഐയുടേത്. അതിനെ ഔദ്യോഗികവത്കരിക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോൾ എടുക്കുന്നത്. ഇത് അപക്വമായ നിലപാടാണ്. അരാജകത്വത്തിലേക്കാണ് ഈ നിലപാട് നമ്മെ നയിക്കുക. റഷ്യയിലും അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ഇത്തരം കാര്യങ്ങളിൽ നിന്ന് മോചനം നേടാനുള്ള വഴികളുടെ അന്വേഷണത്തിലാണ്. അരാജകത്വവും അരാഷ്ട്രീയതയും പിടിച്ചു നിർത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് അവരെല്ലാം. ഡേവിഡ് ബ്ലാങ്കൻഹോമിന്‍റെ ഫാദർലെസ് അമേരിക്ക എന്ന പുസ്തകത്തിൽ ഈയൊരു അരാജകത്വത്തെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജെൻഡർ ന്യൂട്രൽ എന്നതിലൂടെ, വരുംകാലത്ത് കേരളം അഭിമുഖീകരിക്കേണ്ടത് വലിയൊരു പ്രത്യാഘാതത്തെയാണ്. ഫ്രീ സെക്‌സ് അടക്കമുള്ള ലിബറലിസ്റ്റ് ആശയങ്ങളിലേക്കാണ് ഇത് കടക്കുക. കുട്ടികളുമായി ലൈംഗിക ബന്ധത്തിനുള്ള അവകാശത്തിനു വേണ്ടിയാണ് ലോകത്തിലെ ഗേ സമൂഹം പോരാടുന്നത്. മാൻ ബോയ് ലൗവേഴ്‌സ് അസോസിയേഷൻ, പീഡോഫീൽ അസോസിയേഷൻ, ചൈൽഡ് ഹുഡ് സെൻഷ്യാലിറ്റി സർക്കിൾ തുടങ്ങി ഗേ വിഭാഗത്തിന്റെ നിരവധി അസോസിയഷനുകളാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്. നിലവിൽ കുട്ടികളുടെ പ്രായവും അവരുടെ സമ്മതവും വേണം. ഇതെടുത്ത് കളയണമെന്നാണ് ഇക്കൂട്ടരുടെ പ്രധാന ആവശ്യം. അതിന്റെ അലയൊലികളിലേക്കാണ് നമ്മുടെ സംസ്ഥാനവും കടക്കുന്നത്. ക്രമേണ ഇതേ ആവശ്യവും ഉന്നയിക്കപ്പെട്ടാൽ പോക്‌സോ നിയമത്തിനും കോടതികൾക്കും എന്തു പ്രസക്തിയാണുള്ളതെന്ന ചോദ്യമാണ് ഞാനുയർത്തിയത്.

എന്‍റെ പ്രസംഗത്തിന്‍റെ ആദ്യഭാഗം ഒഴിവാക്കി ബോധപൂർവം മറ്റൊരു വിവാദത്തിലേക്ക് കൊണ്ടെത്തിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. ഗേ വിഭാഗങ്ങൾ വലിയ ആക്ടിവിസ്റ്റുകളാണ്. മതത്തിനും ധാർമികതക്കും സദാചാരത്തിനും വേണ്ടി സംസാരിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങളെ അരിഞ്ഞു വീഴ്ത്തും. ഇതാണ് ഗേ വിഭാഗം ആക്ടിവിസ്റ്റുകളുടെ നിലപാട്. ഇതേ നിലപാടാണ് കഴിഞ്ഞ ദിവസത്തെ എന്റെ പ്രസംഗത്തിനെതിരേയും സ്വീകരിക്കപ്പെട്ടത്.

മൈക്കിൾ ഫൂക്കോയാണ് ക്വീർ തിയറിയുടെ ഉപജ്ഞാതാവ്. കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിന് പ്രായം തടസമാകരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഫൂക്കോ തന്നെ പിഡോഫീലായിരുന്നുവെന്നാണ് അതിന്റെ യാഥാർഥ്യം. സ്വവർഗരതിക്കു വേണ്ടിയുള്ള സമരം വിജയിച്ചതുപോലെ കുട്ടികളുമായി ബന്ധപ്പെടാനുള്ള നിലവിലെ അവസ്ഥയും നമ്മൾ മറികടക്കുമെന്നാണ് ക്വീർ തിയറിസ്റ്റായിരുന്ന ഗെയിൽ റൂബിം പറഞ്ഞത്. ഹോമോ സെക്ഷ്വാലിറ്റി എന്നത് ചെന്നെത്തുന്നത് പീഡോഫീലിയയിലേക്കാണ്.

2012ൽ ആദ്യമായി ചൈൽഡ് റൈറ്റ്‌സ് കമ്മിഷനും കേരളത്തിലെ ആദ്യ പോക്‌സോ കോടതിയും സ്ഥാപിച്ചത് ഞാനാണ്. അതിന്‍റെ തുടർച്ചയായി ഇന്ന് 24 പോക്‌സോ കോടതികളാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും പോക്‌സോ കേസുകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. ഈ രീതി തുടർന്നാൽ കേസുകൾ വർധിക്കുകയേ ഉള്ളൂ. ഏതുവിഷയമെടുത്ത് സംസാരിച്ചാലും പലരും എന്നോട് ചോദിക്കുന്നത് നിങ്ങളെന്തിനാണ് എല്ലാം മതവത് കരിക്കുന്നത് എന്നാണ്. മതം ഒരു വിഷയമാണ്. അതിനെ കുറച്ചുകാണാൻ കഴിയില്ല. പിന്നെ എന്തിനാണ് മതത്തെ നിഷേധിക്കുന്നത്. മതം എന്നതിനെ പൂർണമായും തുടച്ചുനീക്കുക എന്നതാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിൽ തന്നെ എത്ര ദൈവവിശ്വാസികളുണ്ട്.

ആരോഗ്യമന്ത്രി വീണ ജോർജ്ജ് പോലും ദൈവനാമത്തിലല്ലേ സത്യപ്രതിജ്ഞ ചെയ്തത്. കമ്യൂണിസത്തിൽ മതത്തിന് സ്വാതന്ത്ര്യമുണ്ടെന്നാണ്. എന്നാൽ മറ്റൊരിടത്ത് ഇവർ പറയുന്നത് മതത്തെക്കുറിച്ച് മിണ്ടിപ്പോകരുതെന്നാണ്. ഇവിടെ ലിബറലിസവും കമ്യൂണിസവും സെക്ഷ്വാലിറ്റിയും മാത്രം സംസാരിച്ചാൽ മതിയെന്ന രീതിയിലേക്കാണ് ഇവർ പോകുന്നത്. മതപക്ഷത്ത് നിൽക്കുന്നത് തീവ്രവാദമായി മാറുകയാണ്. കേരള കോൺഗ്രസടക്കം ഇടതു മുന്നണിയിലുള്ള പലരും ഓങ്ങിവച്ചതാണ് ഞാൻ തുറന്നുപറഞ്ഞത്. പുറത്തുപറഞ്ഞാൽ തങ്ങളെ ബാധിക്കും എന്നുള്ളതു കൊണ്ടുമാത്രമാണ് അവർ മൗനം അവലംബിക്കുന്നത്.

എന്നെ ഇസ്‍ലാമിസ്‌റ്റെന്ന് പറഞ്ഞ് ചാപ്പ കുത്തിയാലും പ്രശ്‌നമില്ല. പഴയ ചരിത്രങ്ങളെടുത്ത് എന്നെ വേട്ടയാടിയാലും സാരമില്ല. എന്നാൽ ധാർമിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ മുദ്ര കുത്തുന്ന നിലപാട് മാറണം. ഞാൻ തെറ്റാണോ പറഞ്ഞതെന്ന് വിവിധ മതവിഭാഗങ്ങളിലെ പണ്ഡിതരുമായി ചർച്ച ചെയ്തു. അവരെല്ലാം ഇതു ശരിയാണെന്നു തന്നെ പറഞ്ഞു. ഇത് സമൂഹ ധാർമികതക്കു വേണ്ടിയുള്ള പോരാട്ടമാണ്. അതു തുടരും. പിടിച്ചുകെട്ടാമെന്നു വിചാരിക്കുന്നവരേ തളരൂ. എല്ലാ വിഭാഗം ജനങ്ങളും എന്നെ പിന്തുണക്കുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

TAGS :

Next Story