Quantcast

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ല; സമ്മതിച്ച് ആശുപത്രി സൂപ്രണ്ട്

ഫയർ സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2026-02-18 01:01:08.0

Published:

18 Feb 2026 6:30 AM IST

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ല; സമ്മതിച്ച് ആശുപത്രി സൂപ്രണ്ട്
X

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ലെന്ന് സമ്മതിച്ച് ആശുപത്രി സൂപ്രണ്ട്. രജിസ്ട്രേഷന് നടപടി സ്വീകരിക്കുന്നതായി വാർത്താ കുറിപ്പിൽ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. നർകോട്ടിക് ലൈസൻസും ഫയർ എൻഒസിയും ഇല്ലെന്ന് സ്ഥിരീകരിച്ച സൂപ്രണ്ട്, ഫയർ സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതായും വിശദീകരിക്കുന്നു.

ഫാർമസിക് ലൈസൻസ് വേണ്ടെന്നാണ് വിശദീകരണം. ആശുപത്രിയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരതര പിഴവുണ്ടായി എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണ കുറിപ്പ് ഇറക്കിയത്. ഇതിലാണ് ഡോ. വി കൃഷ്ണ വേണി പിഴവുകൾ സമ്മതിക്കുന്നത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള രജിസ്ട്രേഷന് ജനറൽ ആശുപത്രി അപേക്ഷിച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ തള്ളുകയായിരുന്നു.

ഗുണനിലവാര മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു. വാക്സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമോ ലൈസൻസോ ഇല്ല. റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസൻസ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടെന്നും ആശുപത്രിക്ക് ഫയർ എൻഒസി ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.

ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെൻ്റ് നിയമ പ്രകാരമുള്ള റജിസ്ട്രേഷന് മുന്നോടിയായുള്ള പരിശോധന റിപ്പോർട്ടിലാണ് വീഴ്ചകൾ അക്കമിട്ട് പറയുന്നത്. ഒപി / ഐപി ഫാർമസികൾക്ക് മാനദണ്ഡ പ്രകാരമുള്ള ഡ്രഗ് ലൈസൻസില്ല. നിശ്ചിത താപനിലയിൽ വാക്സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ലെന്നതും ഗുരുതര വീഴ്ച.

ഒരു റേഡിയോഗ്രഫി യൂണിറ്റിൻ്റെ ലൈസൻസ് കഴിഞ്ഞ നവംബർ 28 നും രണ്ടാമത്തെ യൂണിറ്റിൻ്റെ ലൈസൻസ് കാലാവധി ഡിസംബർ ഒന്നിനും അവസാനിച്ചു. ജീവനക്കാർക്കോ രോഗികൾക്കോ റേഡിയേഷൻ കാരണമുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാതെ അതീവ സുരക്ഷിതമായി പ്രവർത്തിക്കേണ്ടതാണ് എക്സ്റേ ഉൾപ്പെടെ എടുക്കുന്ന റേഡിയോഗ്രഫി യൂണിറ്റുകൾ. ദുരുപയോഗത്തിന് സാധ്യതയുള്ള നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാനും ലൈസൻസില്ല.

ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിലുണ്ട്. തീപിടിത്തത്തിന് ഏറെ സാധ്യതയുള്ള പഴയ കെട്ടിടങ്ങളും വയറിങും ഉള്ള ആശുപത്രിയിൽ ഫയർ ഡിപ്പാർട്മെൻ്റ് നല്കേണ്ട ഫയർ എൻഒസിയും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലെന്നും കണ്ടെത്തി. മരുന്നുകൾ സൂക്ഷിക്കുന്നത് മാനദണ്ഡപ്രകാരമല്ലെന്നും തെളിഞ്ഞു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമപ്രകാരം നിർബന്ധമാണ് ഈ ലൈസൻസുകളെല്ലാം.

TAGS :

Next Story