Quantcast

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

നേരത്തെ നല്‍കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

MediaOne Logo

Web Desk

  • Updated:

    2025-09-29 00:37:03.0

Published:

28 Sept 2025 11:05 PM IST

Government files appeal in High Court in Manjeswaram election bribery case
X

Photo| Special Arrangement

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീല്‍. നേരത്തെ നല്‍കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

റിവിഷന്‍ ഹരജിയല്ല, അപ്പീലാണ് അഭികാമ്യമെന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ ഹരജി. കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമവിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. പൊലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്.

പ്രതി നല്‍കിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാന്‍ കഴിയാത്ത രേഖകള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതിയുടെ നടപടി. എസ്‌സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരായ ആരോപണം. സര്‍ക്കാരിന്റെ അപ്പീല്‍ ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഒക്ടോബര്‍ ആറിന് പരിഗണിക്കും.

TAGS :

Next Story