സര്‍ക്കാര്‍ നല്‍കിയ കോകോണിക്സ് ലാപ്പ്ടോപ്പ് തകരാറില്‍: പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും
സംഭവം വിവാദമായതോടെ ലാപ്‌ടോപ്പ് മാറ്റിനല്‍കാമെന്ന് കമ്പനി അറിയിച്ചെങ്കിലും ഇതേ കമ്പനിയുടെ ലാപ്ടോപ്പ് ഇനി വേണ്ടെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാശ്രീ പദ്ധതിയിലൂടെ സര്‍ക്കാർ നല്‍കിയ ലാപ്‌ടോപ്പുകള്‍ പ്രവർത്തന ക്ഷമമല്ലെന്നു പരാതി. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിർമിക്കുന്ന കോകോണിക്സ് ലാപ്ടോപ്പിന് ഗുണനിലവാരമില്ലെന്ന പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.
സര്‍ക്കാരിന്‍റെ വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പ് ലഭിച്ച തവനൂർ സ്വദേശിയായ ബിരുദ വിദ്യാർത്ഥി ഷമീമിന്‍റെ പരാതി ഇങ്ങനെയാണ്. 500 രൂപ മാസതവണയില്‍ മൂന്നാം മാസം ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കാത്തിരുന്ന് ആറാം മാസം ലാപ്‌ടോപ്പ് കിട്ടി. എച്ച്പി ലാപ്‌ടോപ്പിനാണ് അപേക്ഷ നൽകിയത്. എന്നാൽ കിട്ടിയത് സര്‍ക്കാരിന്‍റെ കോകോണിക്സ് ലാപ്‌ടോപ്പ്. മറ്റ് വഴികളില്ലാതെ കൈപ്പറ്റിയ ലാപ്‌ടോപ്പ് ഓണ്‍ ആക്കിയതിന് പിന്നാലെ തകരാറിലായി. പിന്നീട് മാറ്റി തന്ന പുതിയ ലാപ്‌ടോപ്പും വൈകാതെ തന്നെ പൂര്‍ണ്ണമായി പണി മുടക്കി. ഷമീമിന്‍റെ അനുഭവം പുറത്തെത്തിയതോടെ നിരവധി വിദ്യാർത്ഥികളും, രക്ഷിതാക്കളുമാണ് സമാന അനുഭവവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവം വിവാദമായതോടെ ലാപ്‌ടോപ്പ് മാറ്റിനല്‍കാമെന്ന് കമ്പനി അറിയിച്ചെങ്കിലും ഇതേ കമ്പനിയുടെ ലാപ്ടോപ്പ് ഇനി വേണ്ടെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിദ്യാശ്രീ പദ്ധതിയില്‍ അഞ്ച് കമ്പനികളുമായാണ് സര്‍ക്കാര്‍ കരാറിലെത്തിയിരുന്നത്. എന്നാൽ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചത് 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുളള കോകോണിക്സിന്‍റെ ലാപ്‌ടോപ്പുകളാണ്. വിഷയത്തിൽ സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.
Adjust Story Font
16
