Quantcast

നേര്യമംഗലം - വാളറ പാത വനമേഖലയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍

വനഭൂമിയാണ് എന്ന മുൻ നിലപാടിനെ തുടർന്ന്, നേര്യമംഗലം - വാളറ ദേശീയപാത നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    7 Oct 2025 11:19 PM IST

നേര്യമംഗലം - വാളറ പാത വനമേഖലയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍
X

കൊച്ചി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ, വനഭൂമിയല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പ്രദേശം വനഭൂമിയാണെന്ന മുൻ നിലപാട് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ സത്യവാങ്മൂലം. ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ഭൂമി റവന്യൂ, പിഡബ്ല്യുഡി ഭൂമിയാണെന്ന് ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

വനഭൂമിയാണ് എന്ന മുൻ നിലപാടിനെ തുടർന്ന്, നേര്യമംഗലം - വാളറ ദേശീയപാത നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ദേശീയപാത നിർമാണത്തിനായി അനുമതിയില്ലാതെ മരങ്ങൾ മുറിച്ചുമാറ്റിയത് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

വനം അഡീഷണൽ ചീഫ് സെക്രട്ടറി നേരത്തെ നൽകിയ തെറ്റായ സത്യവാങ്മൂലം തിരുത്തി നൽകുമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ മുൻപ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് കോടതിയിൽ നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം നൽകിയത്. പ്രദേശം വനഭൂമിയാണ് എന്ന സർക്കാർ നിലപാടിന് വിരുദ്ധമായി, മരം മുറിച്ചുമാറ്റാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞതവണ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ദേശീയപാത നിർമ്മാണം കോടതി തടയുകയും ചെയ്തു.

പിന്നാലെയാണ് 14.5 കിലോമീറ്റർ റവന്യൂ ഭൂമിയാണെന്ന് സംസ്ഥാന സർക്കാരിൻറെ പുതിയ സത്യവാങ്മൂലം. ഇതോടെ ദേശീയപാത നിർമ്മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

TAGS :

Next Story