'സ്വകാര്യ വിവരങ്ങള്‍' ; എ.ജയതിലകിന്റെ ഹാജര്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
അദ്ദേഹം സെക്രട്ടറിയേറ്റില്‍ ഹാജരാകാത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് വിവരാവകാശ ഓഫീസറുടെ മറുപടി

- Updated:
2025-08-17 09:15:45.0

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ.ജയതിലക് സെക്രട്ടറിയേറ്റില്‍ ഹാജരാകാത്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ ഓഫീസറുടെ മറുപടി. ജയതിലക് ഹാജരാകാത്തതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ വിവരങ്ങളും നല്‍കാന്‍ കഴിയില്ല.
ഇതെല്ലാം സ്വകാര്യ വിവരങ്ങളാണെന്നാണ് സര്‍ക്കാര്‍ വാദം. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സമയത്തെ ഹാജര്‍ നില സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മറുപടി.
എ.ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സമയത്തെ ഹാജര്‍ നില എത്രയാണ്, അദ്ദേഹം മാസത്തില്‍ അഞ്ചു ദിവസം ജോലി ചെയ്യുകയും അഞ്ചുലക്ഷം രൂപ കൈപ്പറ്റുകയും ചെയ്യുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളൊക്കെ നേരത്തെ ഉയര്‍ന്നു വന്നിരുന്നു.
ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലകിന്റെ ഹാജർ നിലയും ആനുകൂല്യങ്ങൾ കൈപ്പറ്റിയതും അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചു വിവരാവകാശ പ്രകാരം ചോദിച്ചത് 9 ചോദ്യങ്ങൾ. ഇതിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ ഓഫീസർ മറുപടി നൽകി.
ഒന്ന് - രണ്ട് - അഞ്ച്- ആറ് ചോദ്യങ്ങളുടെ ഉത്തരം വ്യക്തിവിവരങ്ങൾ ആയതുകൊണ്ട് പുറത്തുനൽകാൻ പാടില്ലെന്നാണ് സർക്കാർ ന്യായം. മറ്റു ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ല. ജയതിലകിനെതിരെ എന്തെങ്കിലും നടപടി സർക്കാർ തലത്തിൽ എടുത്തിട്ടുണ്ടോ എന്നും എങ്കിൽ അതിൻറെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടതിനും ഉത്തരം ഒന്നുതന്നെ.
ജയതിലകുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് പോകേണ്ടതില്ല എന്ന നിലപാട് സർക്കാരും വിവരാവകാശ ഓഫീസറും സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. ജയതിലക് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന സമയം മുതലുള്ള ചോദ്യങ്ങൾക്കും സർക്കാരിൻറെ മറുപടി വിവരങ്ങൾ പുറത്തുവിടാൻ ആകില്ല എന്നാണ്. സ്പാർക്ക് വഴി ജയതിലകിന്‍റെ ഹാജർ സംബന്ധിച്ച വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യങ്ങൾക്കാണ് ഉത്തരം നൽകാതെയുള്ള ഒളിച്ചുകളി. ജയതിലകിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച പരാതികളും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളും സർക്കാർ തലത്തിൽ മുക്കിയെന്നും ആരോപണമുണ്ട്.
Adjust Story Font
16
