വാളയാർ വംശീയക്കൊല: പ്രതികൾക്ക് ജാമ്യം നൽകിയ മണ്ണാർക്കാട് SC/ST കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും
പാലക്കാട് കലക്ടറേറ്റിന് മുന്നിൽ റാം നാരായണന്റെ കുടുംബം ഇന്ന് പ്രതിഷേധിച്ചിരുന്നു

പാലക്കാട്: വാളയാർ വംശീയക്കൊലയിൽ സർക്കാർ അപ്പീൽ നൽകും. പ്രതികൾക്ക് ജാമ്യം നൽകിയ മണ്ണാർക്കാട് എസ്‍സി/എസ്‍ടി കോടതി വിധിക്ക് എതിരെയാണ് അപ്പീൽ നൽകുക. ഇക്കാര്യത്തില്‍ പാലക്കാട് ജില്ലാ കലക്ടർ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും ഉറപ്പുനൽകി.
കേസിലെ എട്ട് പ്രതികൾക്ക് ജാമ്യം നല്‍കിയതിനെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ റാം നാരായണന്റെ കുടുംബം ഇന്ന് പ്രതിഷേധിച്ചിരുന്നു.കൊല്ലപ്പെട്ട റാം നാരായണൻ്റെ സഹോദരൻ ശശികാന്താണ് കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തിയത്. പ്രതികൾക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ ദുർബലമായതിനാലെന്നായിരുന്നു ഇവരുടെ ആരോപണം. സംസ്ഥാന സർക്കാർ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. റാം നാരായണൻ്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ അഡ്വക്കറ്റ് കെ.എസ് നിസാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് എസ്.സി/എസ്.ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം രണ്ടുതവണ പ്രതികളുടെ റിമാൻഡ് നീട്ടിയിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിൽ നിർദേശമുണ്ട്.
ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
Adjust Story Font
16

