Quantcast

ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ രൂക്ഷം; വിമര്‍ശങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സി.പി.എം വിലയിരുത്തല്‍

എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ പാര്‍ട്ടി നേതൃത്വം തന്നെ പ്രതികരണവുമായി രംഗത്ത് വന്നേക്കും

MediaOne Logo

Web Desk

  • Updated:

    2021-12-13 01:23:37.0

Published:

13 Dec 2021 1:10 AM GMT

ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ രൂക്ഷം; വിമര്‍ശങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സി.പി.എം വിലയിരുത്തല്‍
X

ചാന്‍സലര്‍ പദവി ഒഴിയുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയമുണ്ടെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. ഗവര്‍ണറുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് നിലവില്‍ പോകേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാരും പാര്‍ട്ടിയുമുള്ളത്. എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ പാര്‍ട്ടി നേതൃത്വം തന്നെ പ്രതികരണവുമായി രംഗത്ത് വന്നേക്കും.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണറുടെ ഇന്നലത്തെ പ്രതികരണം. ഗവര്‍ണറുമായി തര്‍ക്കത്തിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സംഘപരിവാര്‍ രാഷ്ട്രീയമുണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേന്ദ്ര മന്ത്രി വി. മുരളീധനും ബി.ജെ.പി നേതൃത്വവും ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതും ഇതിനുദാഹരണമാണെന്നാണ് സി.പി.എം നേതാക്കളുടെ വാദം..നേരത്തെ പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയപ്പോഴും സമാനമായ പ്രതിസന്ധിയിലേക്ക് സര്‍ക്കാരിനെ ഗവര്‍ണര്‍ എത്തിച്ചിരുന്നു. അന്ന് സി.പി.എം പരസ്യമായി തന്നെ പ്രതികരിച്ചു. പിന്നീട് മുഖ്യമന്ത്രി നേരിട്ട് കണ്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.അതിന് ശേഷം ഊഷ്മളമായ ബന്ധമാണ് മുഖ്യമന്ത്രിയും ഗവര്‍ണര്‍ തമ്മിലുണ്ടായിരുന്നത്.

എന്നാല്‍ കണ്ണൂര്‍ വിസി നിയമനം അംഗീകരിച്ചിട്ട് ഗവര്‍ണര്‍ തന്നെ ഇപ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന ചോദ്യമാണ് സി.പി.എം നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ ഇടപെടുന്നുവെന്ന പഴയ വിമര്‍ശനത്തിലേക്ക് തന്നെയാണ് സി.പി.എം എത്തിച്ചേരുന്നത്. അതേസമയം ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വസ്തതയുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഗവര്‍ണറുടെ ഇടപെടലുകള്‍ ഏതറ്റം വരെ പോകുമെന്നാണ് സി.പി.ഐയും നോക്കുന്നത്.

കേന്ദ്രത്തിന്‍റെ താത്പര്യപ്രകാരം ഗവര്‍ണര്‍ ഇനിയും കടുത്ത വിമര്‍ശനങ്ങളിലേക്ക് പോയാല്‍ മുന്നണി നേതൃത്വം തന്നെ പരസ്യപ്രതികരണങ്ങളുമായി രംഗത്ത് വന്നേക്കും. 17 ന് ഗവര്‍ണര്‍ തലസ്ഥാനത്ത് എത്തിയ ശേഷം മുഖ്യമന്ത്രി നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.



TAGS :

Next Story