Quantcast

'നിയമം പഠിപ്പിക്കേണ്ടെന്ന് സാര്‍ പറഞ്ഞു, നിയമം അറിഞ്ഞുകൂടെങ്കില്‍ പഠിക്കണമെന്ന് ഞാന്‍ പറഞ്ഞു': പൊലീസുമായുണ്ടായ വാക്കുതര്‍ക്കത്തെ കുറിച്ച് ഗൗരി നന്ദ

വീട്ടിലെത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയിലൊക്കെ വിഡിയോ കണ്ടത്. വിഡിയോ എടുത്തത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഗൗരി നന്ദ

MediaOne Logo

Web Desk

  • Updated:

    2021-07-27 12:48:14.0

Published:

27 July 2021 11:54 AM GMT

നിയമം പഠിപ്പിക്കേണ്ടെന്ന് സാര്‍ പറഞ്ഞു, നിയമം അറിഞ്ഞുകൂടെങ്കില്‍ പഠിക്കണമെന്ന് ഞാന്‍ പറഞ്ഞു: പൊലീസുമായുണ്ടായ വാക്കുതര്‍ക്കത്തെ കുറിച്ച് ഗൗരി നന്ദ
X

പൊലീസ് മോശമായി പെരുമാറിയകൊണ്ടാണ് തനിക്ക് ചോദ്യംചെയ്യേണ്ടി വന്നതെന്ന് കൊല്ലത്ത് പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഗൗരി നന്ദ. സംഭവത്തിൽ തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ മീഡിയവണിനോട് പറഞ്ഞു.

"ഞാന്‍ ആശുപത്രിയില്‍ പോയിട്ട് എടിഎമ്മില്‍ നിന്ന് പൈസ എടുക്കാന്‍ കയറിയതായിരുന്നു. എടിഎമ്മില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഒരുപാടുപേര്‍ ഉണ്ടായിരുന്നു. അകലം പാലിച്ചുതന്നെയാണ് ആളുകള്‍ നിന്നിരുന്നെ. പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു. അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു. മൂന്ന് പേര്‍ക്കോ മറ്റോ ആണ് കൊടുത്തത്. ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതുകണ്ടു. ഞാന്‍ ചെന്നു അങ്കിളിനോട് എന്താ പ്രശ്നമെന്ന് ചോദിച്ചു. മോളേ ഇത്രയും അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവര്‍ പറയുന്നെ എന്നുപറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിന്‍റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെപ്പോയി പരാതിപ്പെട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.

അപ്പോ അവിടെ നിന്ന ഒരു സാര്‍ വിളിച്ച് എന്നോട് പേരുചോദിച്ചു. ഞാന്‍ പറഞ്ഞു ഗൌരി എന്ന്. അപ്പോ അഡ്രസ് ചോദിച്ചു. അപ്പോ ഞാന്‍ ചോദിച്ചു എന്തിനാ അഡ്രസ് ചോദിക്കുന്നേന്ന്. അപ്പോ പറഞ്ഞു അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റിയാ എഴുതുന്നെ എന്ന്. അപ്പോ ഞാന്‍ ചോദിച്ചു സാറ് പെറ്റിയാണോ എഴുതുന്നെ? ഞാന്‍ മാസ്ക് വെച്ചിട്ടുണ്ട്, എടിഎമ്മില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാന്‍ ചോദിച്ചത്. അത്രേ ചെയ്തുള്ളൂ. കൂടുതല്‍ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാര്‍ പറഞ്ഞു. നിയമങ്ങള്‍ അറിഞ്ഞുകൂടെങ്കില്‍ പഠിക്കണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോ പറഞ്ഞു ഉത്തരവാദിത്വമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം സാര്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോ എസ്ഐ സാര്‍ വന്നിട്ട് മോശമായി ഒരു വാക്ക് പറഞ്ഞു. ഇതോടെയാണ് ശബ്ദമുയര്‍ത്തി എനിക്ക് സംസാരിക്കേണ്ടിവന്നത്. ഞാന്‍ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് ഞാന്‍ പറഞ്ഞു. കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് എന്നോട് പറഞ്ഞു. നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കില്‍ പിടിച്ചുതല്ലിയേനെയെന്ന് എസ്ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് ഞാന്‍ പറഞ്ഞു. കൂടുതല്‍ സംസാരിക്കണ്ട, ഉയര്‍ന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്ന് എന്നോട് പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാന്‍ വീട്ടിലെത്തി".

വീട്ടിലെത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയിലൊക്കെ വിഡിയോ കണ്ടതെന്ന് ഗൗരി നന്ദ പറഞ്ഞു. വിഡിയോ എടുത്തത് ആരാണെന്ന് തനിക്ക് അറിയില്ല. തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ പറഞ്ഞു. പ്ലസ് ടു പരീക്ഷ കഴിഞ്ഞുനില്‍ക്കുകയാണ് ഗൗരി നന്ദ.

TAGS :

Next Story