Quantcast

ട്രെയിൻ പിടിക്കാൻ ചോദ്യം ചെയ്യലിൽ ഇളവ്; മടങ്ങിയത് രാവിലെ വന്ന അതേ കാറിൽ! ആന്റോ അഗസ്റ്റിന് ജിഎസ്‌ടി വിഭാഗത്തിൻ്റെ സഹായമെന്ന് ആരോപണം

ആന്റോ അ​ഗസ്റ്റിൻ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗത്തിന് മറുപടി നൽകിയത് ഒമ്പത് ചോദ്യങ്ങൾക്ക് മാത്രം

MediaOne Logo

Web Desk

  • Updated:

    2026-09-23 05:21:24

Published:

23 Sept 2026 10:47 AM IST

ട്രെയിൻ പിടിക്കാൻ ചോദ്യം ചെയ്യലിൽ ഇളവ്; മടങ്ങിയത് രാവിലെ വന്ന അതേ കാറിൽ! ആന്റോ അഗസ്റ്റിന് ജിഎസ്‌ടി വിഭാഗത്തിൻ്റെ സഹായമെന്ന് ആരോപണം
X

കൊച്ചി: റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് മൊഴിയെടുക്കുന്നതിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം വഴിവിട്ട ഇളവുകൾ അനുവദിച്ചുനൽകിയതായി ആരോപണം. കഴിഞ്ഞ മാസം മൂന്നാം തീയതി കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജൻസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ ആകെ ഒൻപത് ചോദ്യങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. വൈകുന്നേരം 3:30ന് എറണാകുളത്തേക്കുള്ള മടക്ക ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ മൊഴിയെടുപ്പിൽ ഇളവ് നൽകണമെന്നും ആന്റോ അഗസ്റ്റിൻ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ചതായി ജിഎസ്ടിയുടെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും വൈകുന്നേരം 4:32നാണ് അദ്ദേഹം ഓഫീസിൽ നിന്ന് മടങ്ങിയത്. ആന്റോ അഗസ്റ്റിൻ ജിഎസ്ടി ഓഫീസിലേക്ക് വരുന്നതിന്റെയും തിരികെ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ചോദ്യം ചെയ്യലിൽ ആദ്യത്തെ അഞ്ച് ചോദ്യങ്ങൾ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയെ (RBC) കുറിച്ചായിരുന്നു. അതിനുശേഷം മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക് കടക്കുകയും തങ്ങളെ ഏജൻസിയായി നിയോഗിച്ചത് സർക്കാരാണെന്ന് ആന്റോ വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള മൂന്ന് ചോദ്യങ്ങൾക്ക്, രേഖകൾ ഇപ്പോൾ കൈവശമില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് ഹാജരാക്കാമെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. ഇതിനുശേഷമാണ് കൂടുതൽ വിശദമായ ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ട്രെയിൻ ടിക്കറ്റിന്റെ കാരണം പറഞ്ഞ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.

എന്നാൽ ട്രെയിനിൽ പോകാനാണെന്ന് വ്യക്തമാക്കി ഇളവ് നേടിയ ആന്റോ അഗസ്റ്റിൻ രാവിലെ 11 മണിക്ക് ഓഫീസിലെത്തിയ സ്വന്തം കാറിൽ തന്നെയാണ് വൈകുന്നേരം 4:32ന് മടങ്ങിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സാധാരണഗതിയിൽ ജിഎസ്ടിയോ മറ്റ് അന്വേഷണ ഏജൻസികളോ ആളുകളെ വിളിച്ചുവരുത്തിയാൽ തയ്യാറാക്കിയ മുഴുവൻ ചോദ്യങ്ങൾക്കും മറുപടി രേഖപ്പെടുത്തിയ ശേഷമേ മൊഴിയെടുപ്പ് അവസാനിപ്പിക്കാറുള്ളൂ. വലിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ നിലനിൽക്കെ, ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ പകുതിവഴിയിൽ നിർത്തിവെച്ച് ആന്റോ അഗസ്റ്റിന് വഴിവിട്ട സഹായം നൽകിയോ എന്ന ചോദ്യത്തിന് ജിഎസ്ടി വകുപ്പ് മറുപടി നൽകേണ്ടതുണ്ട്.

TAGS :

Next Story