Quantcast

ഗുരുവായൂർ സീറ്റ്; കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ച നടന്നിട്ടേയില്ല: അഭ്യൂഹങ്ങൾ തള്ളി പ്രതിപക്ഷനേതാവ്

താന്‍ ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും താന്‍ ഗുരുവായൂര്‍ ഭക്തന്‍ മാത്രമാണെന്നും മുരളീധരന്‍ പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-12-23 10:29:45.0

Published:

23 Dec 2025 3:02 PM IST

ഗുരുവായൂർ സീറ്റ്; കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ച നടന്നിട്ടേയില്ല: അഭ്യൂഹങ്ങൾ തള്ളി പ്രതിപക്ഷനേതാവ്
X

തിരുവനന്തപുരം: ഗുരുവായൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രതിപക്ഷനേതാവ്. മുസ്‌ലിം ലീഗുമായുള്ള ഉഭയകകക്ഷി ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ. കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ചര്‍ച്ച നടന്നിട്ടേയില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ തൃശൂരില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുരളീധരന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും താന്‍ ഗുരുവായൂര്‍ ഭക്തന്‍ മാത്രമാണെന്നും മുരളീധരന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തനിക്ക് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി വിളിച്ച സല്‍ക്കാരത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഓണസദ്യയ്ക്ക് താന്‍ പങ്കെടുത്തില്ലേയെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.

'അതൊക്കെ ഒരു മര്യാദയല്ലേ. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി വിളിക്കുന്ന പരിപാടിക്ക് ആരും പോകരുതല്ലോ. ബ്രിട്ടാസ് പാലമാണ്. സിപിഎമ്മും ബിജെപിയും തമ്മിലെ പാമ്പന്‍ പാലമാണ് ജോണ്‍ ബ്രിട്ടാസ്. ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം പ്രസ്താവനകള്‍. ഗവര്‍ണര്‍ വിളിക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രിയും പങ്കെടുക്കാറുണ്ടല്ലോ. ഗവര്‍ണര്‍ ആര്‍എസ്എസുകാരനല്ലേ. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുകയാണ്. പ്രധാനമന്ത്രിയും ആഭ്യരന്തമന്ത്രിയും പറയുന്നിടത്തെല്ലാം ഒപ്പുവെയ്ക്കുകയാണ്.' പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുത്തതിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.

TAGS :

Next Story