Quantcast

ആരോഗ്യമന്ത്രി കള്ളം പറയുന്നു, എനിക്ക് ഇതുവരെ നീതി ലഭിച്ചില്ല: ഹർഷിന

മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കള്ളങ്ങൾ വിശ്വസിക്കാൻ ജനങ്ങൾ പൊട്ടൻമാരാണ് എന്നാണോ മന്ത്രി കരുതരുന്നതെന്ന് ചോദിച്ച ഹർഷിന, ജനങ്ങൾക്ക് എല്ലാം മനസ്സിലാവുമെന്ന കോമൺസെൻസ് വേണമെന്നും പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Feb 2026 8:52 AM IST

Harshina
X

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന. വയറ്റിൽ കത്രിക കുടുങ്ങി ശാരീരികമായും സാമ്പത്തികമായും തകർന്ന തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഹർഷിനക്ക് എല്ലാം നൽകിയെന്ന് മന്ത്രി കളവ് പറയുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കള്ളങ്ങൾ വിശ്വസിക്കാൻ ജനങ്ങൾ പൊട്ടൻമാരാണ് എന്നാണോ മന്ത്രി കരുതരുന്നതെന്ന് ചോദിച്ച ഹർഷിന, ജനങ്ങൾക്ക് എല്ലാം മനസ്സിലാവുമെന്ന കോമൺസെൻസ് മന്ത്രിക്ക് വേണമെന്നും പറഞ്ഞു. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

തങ്ങൾക്കെന്ത് പിഴവ് പറ്റിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി 100 ശതമാനം പരാജയമാണ്. തനിക്ക് രണ്ടു ലക്ഷം രൂപ ആശ്വാസധനമായി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. ഈ തുക താൻ സ്വീകരിച്ചിട്ടില്ല. നഷ്ടപരിഹാരം എന്ന നിലക്കാണ് അന്ന് ആ പണം വാഗ്ദാനം ചെയ്തിരുന്നത്. സമാശ്വാസമോ ചികിത്സാസഹായമോ ആയിരുന്നില്ല അത്. തന്നെ ആരോഗ്യമന്ത്രി നിരന്തരം അപമാനിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണാൻ മരണംവരെ പോരാടും. ആരോഗ്യ മന്ത്രി കോഴിക്കോട്ട് എത്തിയാൽ തടയുമെന്നും ഹർഷിനയും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും പറഞ്ഞു.

താൻ പരാതി നൽകി‍യതിൻറെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആർട്ടെറി ഫോർസെപ്സ് (കത്രിക) കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് തൻറെ വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി തയാറായിട്ടില്ല. നീതി കിട്ടിയിരുന്നെങ്കിൽ താൻ വീണ്ടും വീണ്ടും ഇവിടെ വന്ന് ഇങ്ങനെ പറയേണ്ടിവരില്ലായിരുന്നു. വയറ്റിൽ കത്രിക കുടങ്ങിയതിൽ ഡോക്ടർമാർക്ക് പിഴവില്ലെന്നാണ് മന്ത്രി പറയുന്നത്. വയറ്റിൽ കത്രിക കുടുങ്ങിയ തങ്ങൾക്കാണോ പിഴവ് പറ്റിയതെന്നും ഹർഷിന ചോദിച്ചു.

ശസ്ത്രക്രിയചെയ്ത സമയത്ത് ഏത് സർക്കാർ ഭരിച്ചുവെന്നതാണോ നോക്കേണ്ടത്. വിഷയം കണ്ടുപിടിക്കപ്പെടുന്ന സമയത്ത് എന്ത് ചെയ്യാൻ കഴിയുമെന്നല്ലേ നോക്കേണ്ടത്. യുഡിഎഫും എൽഡിഎഫും അല്ല, മനുഷ്യജീവനാണ് പ്രധാനം. തൻറെ കുടുംബം സിപിഎമ്മുകാരായിരുന്നു. പാർട്ടി അനുഭാവിയാണെന്ന പരിഗണ നൽകിയിട്ടില്ലെന്നും ഹർഷിന പറഞ്ഞു.

TAGS :

Next Story