Quantcast

'ഒരൊറ്റ കുഴിയാണെങ്കിൽ പോലും അതൊരു കൊലയാളിയാകാം'; റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാന വ്യാപകമായി ഉടൻ റോഡ് സുരക്ഷ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2025-07-30 04:56:41.0

Published:

30 July 2025 10:00 AM IST

ഒരൊറ്റ കുഴിയാണെങ്കിൽ പോലും അതൊരു കൊലയാളിയാകാം; റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
X

കൊച്ചി: സംസ്ഥാനത്തുടനീളം റോഡുകളിൽ കുഴികൾ നിറഞ്ഞ് ശോചനീയാവസ്ഥയിലാണെന്നും, ഉദ്യോഗസ്ഥർക്ക് പൂർണ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി. പ്രധാന പാതകളിലും, മുഖ്യ റോഡുകളിലും ഏതാനും കുഴികൾ മാത്രമേ ഉള്ളൂ എന്ന വാദം കോടതി തള്ളി. ഒരൊറ്റ കുഴി ആണെങ്കിൽ പോലും, ഒരാളുടെ മരണത്തിനിടയാക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഉടൻ റോഡ് സുരക്ഷ ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

റോഡുകളിലെ ശോചനീയാവസ്ഥ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക്, എൻജിനീയർമാരും ഉദ്യോഗസ്ഥരും വ്യക്തിപരമായി തന്നെ ഉത്തരവാദികളാകുമെന്നും കോടതി വ്യക്തമാക്കി. യാത്രക്കാരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന, ഉദ്യോഗസ്ഥ തലത്തിലുള്ള ഇത്തരം നിരുത്തരവാദപരമായ സമീപനവും വീഴ്ചകളും അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗിനെയും, അമിത വേഗതയെയും കോടതി ശക്തമായി വിമർശിച്ചു. സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ കൊച്ചി നഗരത്തിൽ ചീറിപ്പാഞ്ഞു പോവുകയാണ്. കഴിഞ്ഞദിവസം 18 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് കൊച്ചിയിൽ ബസിടിച്ചു മരിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. റോഡ് സുരക്ഷാ നടപടികൾ ഗൗരവമായി നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ബസ്സുകളുടെ പുറകുവശത്ത് അമിത വേഗതയും, അശ്രദ്ധമായ വാഹനമോടിക്കലും അറിയിക്കാനുള്ള നമ്പർ പ്രദർശിപ്പിക്കുന്നത് പോലെയുള്ള കോടതി നിർദ്ദേശങ്ങൾ ഗൗരവമായി നടപ്പിലാക്കണമെന്നും കോടതി ആവർത്തിച്ചു.

ഡ്രൈവർമാർക്കും വ്യക്തമായ മുന്നറിയിപ്പുകൾ നൽകണം. അശ്രദ്ധമായ ഡ്രൈവിങ്ങിനോട് സർക്കാരും പൊതുസമൂഹവും വിട്ടുവീഴ്ച ചെയ്താൽ ഇത്തരം ജീവഹാനികൾ തുടരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

TAGS :

Next Story